നിർമ്മിതബുദ്ധിയിൽ ഉദിച്ച എഞ്ചിനിയറിംഗ് പ്രൊഫസർ
- പി. വി ജോസഫ്
- May 6, 2024
- 1 min read

ധരിച്ചിരിക്കുന്ന ആടയാഭരണങ്ങൾ കണ്ടാൽ നവവധുവാണെന്ന് ധരിച്ചുപോകും. അതല്ലെങ്കിൽ ഏതെങ്കിലും ജുവലറി പരസ്യത്തിന്‍റെ മോഡലാണെന്ന് കരുതും. ആരൊക്കെ എന്തൊക്കെ കരുതിയാലും ഒരു പ്രൊഫസറാണെന്ന് മാത്രം ആരും കരുതാൻ ഇടയില്ല.
അതെ, ചെന്നൈയിലെ ഹെയ്‌വ് എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പ് സ്റ്റുഡിയോയിൽ വികസിപ്പിച്ച് അനാവരണം ചെയ്ത "ലോകത്തിലെ ആദ്യത്തെ AI യൂണിവേഴ്‌സിറ്റി പ്രൊഫസർ" ആണ് ഈ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയുടെ എഞ്ചിനിയറിംഗ് സിലബസ് അപ്പാടെ മനഃപ്പാഠമാക്കിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ഹിറ്റായിരുന്ന “പ്രേമം” സിനിമയിലെ നായികാ കഥാപാത്രത്തിന്‍റെ പേരാണ് പ്രൊഫസറിന് നൽകിയിരിക്കുന്നത്, ‘മലർ’. എഞ്ചിനിയറിംഗ് ടോപ്പിക്കുകൾ സ്‍കൂൾ കുട്ടികൾക്കുപോലും മനസ്സിലാകുന്ന പോലെ ലളിതമായി പഠിപ്പിക്കും. വാട്ട്സാപ്പിലൂടെയാണ് വിദ്യാർത്ഥികൾക്ക് മുന്നിലെത്തുക. വേറെ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട കാര്യമില്ല എന്നതാണ് മലർ ടീച്ചറെ വേറിട്ടുനിർത്തുന്നത്.
ഇതിനകം വിദ്യാർത്ഥികളുടെ മനംകവർന്ന "മലർ മിസ്" ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാണ്. ലോഞ്ച് ചെയ്ത് വെറും നാല് ദിവസംകൊണ്ട് ഒന്നര ലക്ഷത്തോളം പിള്ളാരാണ് ടീച്ചറിന്‍റെ “ക്ലാസ്സിൽ കയറിയത്”. സൗജന്യമായി പഠിപ്പിക്കുന്ന ടീച്ചറോട് ഒരാൾക്ക് ഒരു ദിവസം സിലബസുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങൾ ചോദിക്കാം. പിന്നെയും ചോദിക്കാനുണ്ടെങ്കിൽ ഫീസ് കൊടുക്കണം. അക്കാര്യം ടീച്ചർ തന്നെ ഒർമ്മിപ്പിക്കുകയും ചെയ്യും. ഫീസ് കൊടുത്താൽ പീരിയോഡിക് അസസ്സ്‍മെന്‍റ്, മോക് ഇന്‍റർവ്യൂ എന്നിങ്ങനെയുള്ള സേവനങ്ങൾ വേറെയുമുണ്ട്..
ഏതായാലും മലർ ടീച്ചറിന്‍റെ വരവ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നേടാനിരിക്കുന്ന ആധിപത്യത്തിന്‍റെ തുടക്കമാണെന്ന് പറയാം.










Comments