top of page

നിസ്സാൻ മുന്നറിയിപ്പ്: പഴയ വാഹനങ്ങൾ ഓടിക്കുന്നത് റിസ്ക്ക്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 30, 2024
  • 1 min read


ree

പഴക്കം ചെന്ന നിസ്സാൻ വാഹനങ്ങൾ ഓടിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. 2002, 2006 മോഡലുകൾക്കാണ് എയർബാഗ് പൊട്ടിത്തെറിച്ചുള്ള അപകട സാധ്യത കൂടുതൽ. 2015 ന് ശേഷം ഇതുവരെ എയർബാഗ് പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിൽ ഒരാൾക്ക് ജീവഹാനി സംഭവിക്കുകയും 58 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാഹനം കൂട്ടിയിടിക്കുന്ന സംഭവങ്ങളിൽ എയർബാഗ് പൊട്ടിത്തെറിച്ച് അതിനകത്തെ മെറ്റൽ തരികൾ തറഞ്ഞുകയറിയാണ് പലർക്കും പരിക്കേറ്റത്. 2006 മോഡൽ സെൻട്ര കാറിൽ എയർബാഗ് പൊട്ടിത്തെറിച്ച സംഭവത്തിൽ 2018 ലാണ് ഒരാൾ മരിച്ചത്. അമേരിക്കയിൽ ഇത്തരം സംഭവങ്ങളിൽ 400 ൽപരം പേർക്ക് പരിക്കേറ്റിട്ടുണ്ട്.


ചെറിയ കൂട്ടിയിടികൾ പോലും എയർബാഗ് പൊട്ടിത്തെറിച്ച് മരണത്തിനോ, ഗുരുതരമായ പരിക്കുകൾക്കോ ഇടയാക്കാമെന്ന് US നാഷണൽ ഹൈവേ ട്രാഫിക് സുരക്ഷാ വകുപ്പ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.


ഏകദേശം 84,000 വാഹന ഉടമകൾക്കാണ് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2002, 2006 മോഡൽ സെൻട്ര, 2002, 2004 മോഡൽ പാത്ത്‍ഫൈൻഡർ SUV, 2002,2003 മോഡൽ ഇൻഫിനിറ്റി QX4 SUV എന്നിവയാണ് ഡ്രൈവ് ചെയ്യരുതെന്ന് കമ്പനി ഓർമ്മിപ്പിക്കുന്നത്. ഈ വാഹനങ്ങളുടെ ഉടമകൾക്ക് ബന്ധപ്പെട്ട ഡീലർമാരുമായി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്ത് എയർബാഗ് റീപ്ലേസ് ചെയ്യാൻ അവസരം നൽകും. ഈ സേവനം ഫ്രീയാണ്. കമ്പനിയെ അറിയിച്ചാൽ വാഹനം ഡീലറുടെ പക്കൽ എത്തിച്ചു കൊടുക്കുകയും ചെയ്യും.


2020 ൽ കമ്പനി 7,36, 422 വാഹനങ്ങൾ തിരികെ വിളിച്ച് എയർബാഗ് മാറ്റിക്കൊടുത്തിരുന്നു. ഇനിയും ഏകദേശം 84,000 വാഹനങ്ങൾ റിപ്പെയർ ചെയ്യാത്തതായി ഉണ്ടെന്നും അവ നിരത്തിൽ ഓടുന്നുണ്ടാകാമെന്നുമാണ് കമ്പനി കരുതുന്നത്. അവയുടെ ഉടമകളെ ബന്ധപ്പെടാൻ കമ്പനി നിരന്തരം ശ്രമിച്ചുവരികയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page