top of page

നെസ്സിയെ കണ്ടെത്താൻ നാസ്സയുടെ സഹായം തേടാനൊരുങ്ങി ലോക്‌നെസ് സെന്‍റർ

  • പി. വി ജോസഫ്
  • Apr 29, 2024
  • 1 min read


ree

ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടറയിൽ തപ്പിനടക്കുന്ന കേമന്മാർ എന്ന ആക്ഷേപ പ്രയോഗം പോലെയാണ് സ്‍കോട്ട്‍ലന്‍റുകാരുടെ ഒരു തിരച്ചിലിന്‍റെ കഥ. ലോക്‌നെസ് തടാകത്തിന്‍റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നെസ്സി എന്ന നിഗൂഢജീവിയെ കണ്ടെത്താൻ അവരുടെ തിരച്ചിൽ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. എങ്ങുമെത്താത്ത തിരച്ചിലിന് നേതൃത്വം നൽകുന്ന ലോക്‌നെസ് സെന്‍റർ സഹായം തേടാനൊരുങ്ങുന്നത് മറ്റാരോടുമല്ല, സാക്ഷാൽ നാസ്സയോടാണ്. അന്യഗ്രഹങ്ങളിലേക്കും ആകാശത്തിന്‍റെ അനന്തവിദൂരതയിലേക്കും കണ്ണുനട്ടിരിക്കുന്ന നാസ്സയാണ് ലോക്‌നെസ് തടാകത്തിന്‍റെ ആഴങ്ങളിലേക്കൊന്ന് നോക്കണമെന്ന് അവർ ആഗ്രഹിക്കുന്നത്.

സ്‍കോട്ട്‍ലന്‍റുകാർ നാടോടിക്കഥകളിൽ കേട്ട് ശീലിച്ച പേരാണ് നെസ്സിയുടേത്. എന്നാൽ അത് യഥാർത്ഥത്തിൽ ലോക്‌നെസ് തടാകത്തിന്‍റെ അഗാധത്തിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് പലരുടെയും വിശ്വാസം. ജലവിതാനത്തിന്‍റെ മുകളിലേക്ക് പലപ്പോഴും അത് എത്തിനോക്കാറുണ്ടെന്നും പലരും കണ്ടിട്ടുണ്ടെന്നുമാണ് പറയപ്പെടുന്നത്. കഴുത്തും തലയും മാത്രമാണ് പുറത്ത് കണ്ടിട്ടുള്ളത്. ആനയുടെ തുമ്പിക്കൈ പേലെ നീണ്ട കഴുത്താണ്, അതേ വലുപ്പവും ഉണ്ടെന്നാണ് കണ്ടതായി പറയുന്നവരുടെ വിവരണം.

1934 ലാണ് ആദ്യമായി നെസ്സിയെ കണ്ടെത്താൻ ഒരു സംഘടിത പര്യവേക്ഷണ ദൗത്യം നടന്നത്. വിജയിച്ചില്ലെങ്കിലും ദൗത്യങ്ങൾ പലതും അതിന് ശേഷവും നടന്നു. ആയിരത്തിലേറെ തവണ പലരും ഒരു മിന്നായം പോലെ നെസ്സിയെ കണ്ടതായാണ് സാക്ഷ്യം..

നെസ്സിയെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവർ സ്‍കോട്ട്‍ലന്‍റിൽ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. അവരെ എല്ലാവരെയും ചേർത്ത് സോഷ്യൽ മീഡിയ കാംപെയിനിലൂടെ ഈ ആവശ്യം നാസ്സയുടെ പക്കലെത്തിക്കാനാണ് ആലോചന.

1800 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ലോക്‌നെസ് തടാകത്തിന് 788 അടി ആഴമാണുള്ളത്. നാസ്സയുടെ മോഡേൺ ടെക്‌നോളജി ഉപയോഗിച്ച് ഈ ജലാശയം മുഴുവനും സ്‍കാൻ ചെയ്യാൻ കഴിയുമെന്നും, നെസ്സിയെ കണ്ടെത്താനോ, അതിന്‍റെ മുരൾച്ചയുടെ ശബ്ദം പിടിച്ചെടുക്കാനോ കഴിയുമെന്നുമാണ് ലോക്‌നെസ് സെന്‍ററിന്‍റെ പ്രതീക്ഷ.

ആ പ്രതീക്ഷയും അസ്തമിച്ചാൽ നാടോടിക്കഥകൾക്ക് വിരാമമില്ലാത്തതുപോലെ നിഗൂഢതയുടെ ആഴങ്ങളിൽ നെസ്സി അനന്തമായി തുടരും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page