താൻ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങൾ തന്‍റേതല്ലെന്ന് അമ്മ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 14
- 1 min read

ഗുരുഗ്രാം നിവാസികളായ രാഹുൽ റാത്തോഡും ഭാര്യ മീനു റാത്തോഡും ഈ വർഷം ജനുവരിയിൽ അനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു കുഞ്ഞിനുവേണ്ടി വർഷങ്ങളോളം ദാഹിച്ചും പ്രാർത്ഥിച്ചും കഴിഞ്ഞ അവർക്ക് IVF പ്രക്രിയയിലൂടെ പിറന്നത് ഇരട്ട കുട്ടികൾ. ഒറ്റ പ്രസവത്തിൽ രണ്ട് പെൺമക്കൾ.
പക്ഷെ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ മുഖം വാടി. തങ്ങളുടേതാണെന്ന് പറയാൻ തക്ക മുഖഛായയോ ലക്ഷണങ്ങളോ അല്ല കുഞ്ഞുങ്ങൾക്ക്. തന്‍റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത് മറ്റാരുടെയോ ഭ്രൂണമാണെന്ന് വ്യക്തം.
DNA ടെസ്റ്റ് നടത്തി ഉറപ്പിച്ചു. താൻ ഉദരത്തിൽ ചുമന്ന് പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങൾ തന്‍റേതല്ലെന്ന് മീനു റാത്തോഡിന് ബോധ്യമായി. സ്വന്തം കുഞ്ഞിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അവർ ഇപ്പോൾ. താൻ പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയും അത് ആഗ്രഹിക്കുന്നുണ്ടാകും എന്നാണ് അവർ പറയുന്നത്.
ഭർത്താവിന്‍റെ ബീജവും ഭാര്യയുടെ അണ്ഡവും പുറത്തെടുത്ത് സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതാണ് IVF. മീനുവിന്‍റെ ഉദരത്തിൽ 2025 മെയ് 14 നാണ് ഭ്രൂണം നിക്ഷേപിച്ചത്. ഗ്രേറ്റർ കൈലാഷിലെ ക്ലിനിക്കിൽ ഡോ. ശിവാനി സച്‍ദേവാണ് അത് ചെയ്തത്. മറ്റാരുടെയോ ഭ്രൂണവുമായി ഡോക്‌ടർ വെച്ചുമാറ്റം നടത്തിയെന്നാണ് ആരോപണം.
ആരോപണം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ട കോടതി കേസ് ഫയൽ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് ഉത്തരവ് നൽകി.




Comments