top of page

തൊഴിൽ നിയമ പരിഷ്കാരങ്ങളും തൊഴിലാളി ക്ഷേമവും; കേരള മാതൃക ദേശീയ തൊഴിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 12
  • 2 min read
ree

കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി, കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും, തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചു. സാമൂഹിക നീതിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ നിയമനിർമ്മാണ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ വിഷയം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ, തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഉത്തരവാദിത്തം ഈ സമ്മേളനം അടിവരയിടുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സമ്മേളനത്തിൽ അവതരിപ്പിച്ച കേരളത്തിലെ പ്രധാന പദ്ധതികളും പരിഷ്കാരങ്ങളും:

- വേതന സംരക്ഷണ സംവിധാനം (Wage Protection System - WPS): എൻ.ബി.എഫ്.ഐ, ടെക്സ്റ്റൈൽ ഷോപ്പുകൾ, ജ്വല്ലറികൾ, സ്വകാര്യ ആശുപത്രികൾ, ഐ.ടി., സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് കൃത്യ സമയത്ത് വേതനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഈ പോർട്ടൽ വഴി മിനിമം വേതനം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ലേബർ ഇൻസ്പെക്ടർമാർക്ക് പരിശോധിക്കാൻ കഴിയും.

- തൊഴിൽ കമ്മീഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റം (LCAS): ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കെട്ടിട നിർമ്മാണ തൊഴിലാളി നിയമം, അന്തർ സംസ്ഥാന തൊഴിലാളി നിയമം, കരാർ തൊഴിലാളി നിയമം എന്നിവയുടെ രജിസ്‌ട്രേഷൻ, പുതുക്കൽ, ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ, പരിശോധനകൾ, പരാതി പരിഹാരം തുടങ്ങി ലേബർ വകുപ്പിന്റെ മിക്കവാറും എല്ലാ സേവനങ്ങളും ഇതിലൂടെ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നു.

 - ഡിജിറ്റൽവൽക്കരണത്തിലൂടെയുള്ള പുരോഗതി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഒക്യുപ്പൻസി സർട്ടിഫിക്കറ്റുമായി ബന്ധിപ്പിച്ച ഓൺലൈൻ BOCW സെസ്സ് മൊഡ്യൂൾ വഴി ഒരു വർഷത്തിനുള്ളിൽ സെസ്സ് പിരിവിൽ 60% വർധനവുണ്ടായതായി മന്ത്രി അറിയിച്ചു.

- അന്തർ സംസ്ഥാന തൊഴിലാളി ക്ഷേമം:

സംസ്ഥാനത്തെ അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഓരോ ജില്ലയിലും ഫെസിലിറ്റേഷൻ സെന്ററുകളും, ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആവാസ് (AAWAZ) ആരോഗ്യ സംരക്ഷണ പദ്ധതിയും നടപ്പിലാക്കുന്നു. ഇത് സംസ്ഥാനത്തുടനീളം 'ലേബർ ചൗക്ക് കം ഫെസിലിറ്റേഷൻ സെന്ററുകൾ' സ്ഥാപിക്കുന്നതിനുള്ള അടിത്തറയായി വർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

- ആരോഗ്യ സംരക്ഷണം:

കേരളത്തിലെ ഇ.എസ്.ഐ.സി (ESIC) മാതൃക ശക്തിപ്പെടുത്തുന്നതിലൂടെ നഗര-ഗ്രാമീണ മേഖലകളിൽ യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, കാർഡിയോളജി, കീമോതെറാപ്പി, ഡയാലിസിസ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ 9 ഇ.എസ്.ഐ.സി ആശുപത്രികളും 147 ഡിസ്പെൻസറികളും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

- ദേശീയതലത്തിലുള്ള സഹകരണം:

 പ്രധാനമന്ത്രി വികസിത് ഭാരത് റോജ്ഗാർ യോജന (PMVBRY): ഇ.പി.എഫ്.ഒയുമായി (EPFO) പരസ്പര ഡാറ്റാ കൈമാറ്റം വഴി ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേരളം പൂർണ്ണ പിന്തുണ നൽകുമെന്നും നിലവിലുള്ള സംസ്ഥാന ക്ഷേമ പ്ലാറ്റ്‌ഫോമുകളുമായി ഇത് സംയോജിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

- ദേശീയ കരിയർ സർവീസ് പോർട്ടലുമായി (NCS) സംയോജനം: തൊഴിൽ ലഭ്യതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി പൂർണ്ണമായും കമ്പ്യൂട്ടർവത്കൃതമായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ എൻ.സി.എസ്. പോർട്ടലുമായി സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ തൊഴിൽ കോഡുകളിൽ കേരളത്തിന് വിയോജിപ്പുണ്ടെന്ന് സംസ്ഥാന തൊഴിൽ മന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ട്രേഡ് യൂണിയനുകൾ ഉന്നയിച്ച ആശങ്കകൾ കേന്ദ്രം പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. "തൊഴിലാളി ക്ഷേമം എന്നത് തൊഴിലാളികളുടെ ക്ഷേമം തന്നെയായിരിക്കണമെന്നും ഈ തത്വത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page