top of page

തിരപോലെയെത്തിയ തിമിംഗലങ്ങൾ

  • പി. വി ജോസഫ്
  • May 8, 2024
  • 1 min read


ree

ആസ്ത്രേലിയയുടെ പശ്ചിമ തീരത്ത് കഴിഞ്ഞ മാസം തിമിംഗലങ്ങൾ കൂട്ടത്തോടെ വന്നടിഞ്ഞത് ടൂറിസ്റ്റുകൾക്ക് കൗതുകമായെങ്കിലും, വന്യജീവി സംരക്ഷകർക്ക് പരിഭ്രാന്തിയാണ് സൃഷ്‍ടിച്ചത്. 160 തിമിംഗലങ്ങളാണ് ആഴക്കടലിലെ ആവാസവ്യവസ്ഥയിൽ നിന്ന് മൈലുകളോളം സഞ്ചരിച്ച് കടലോരത്ത് എത്തിയത്.

സംഭവമറിഞ്ഞ വന്യജീവി രക്ഷാദൗത്യ സംഘം ഡൺസ്‍ബറോ പട്ടണത്തിന്‍റെ തീരത്തേക്ക് ഓടിയെത്തി. അവരുടെ അക്ഷീണ പ്രയത്‍നത്തിന്‍റെ ഫലമായി 130 തിമിംഗലങ്ങളെ രക്ഷിച്ച് ആഴക്കടലിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞു. എന്നാൽ 30 തിമിംഗലങ്ങൾക്ക് ജീവഹാനി സംഭവിച്ചു.

അമ്പരപ്പിക്കുന്ന അപൂർവ്വ കാഴ്ച്ചയെന്നാണ് ഇതിനെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മറൈൻ റിസർച്ച് ഗ്രൂപ്പിന്‍റെ മേധാവിയായ ഇയാൻ വേയ്‌സ് വിശേഷിപ്പിച്ചത്. മുമ്പും കണ്ടിട്ടുണ്ടെങ്കിലും ഇത്രയുമധികം തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തേക്ക് എത്തുന്നത് ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രോഗാതുരമാകുകയോ, ആക്രമണം നേരിടുകയോ, പരിക്കേൽക്കുകയോ, വേദന അനുഭവപ്പെടുകയോ ചെയ്യുന്ന തിമിംഗലം ദിശാബോധമില്ലാതെ അലക്ഷ്യമായി എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കും. ആ ഗണത്തിലുള്ളവ മുഴുവനും കൂട്ടത്തോടെ അതിനെ അനുഗമിക്കുന്നത് സ്വാഭാവിക പ്രവണതയാണ്. തീരത്തടിയുന്ന തിമിംഗലങ്ങൾക്ക് തിരികെ പോകാനുള്ള ഇന്ദ്രിയശേഷിയും ലക്ഷ്യബോധവും നഷ്‍ടമാകും. രക്ഷാസംഘമെത്തി അടിയന്തരമായി അവയെ പുറംകടലിലേക്ക് തിരികെ വിട്ടില്ലെങ്കിൽ തീരത്ത് അവയുടെ കൂട്ടമരണമാണ് സംഭവിക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page