തിരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച രണ്ട് പേർക്ക് വിജയം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 6, 2024
- 1 min read

ഭീകരപ്രവർത്തനത്തിലെ ബന്ധം ആരോപിച്ച് അറസ്റ്റിലായി ജയിലിൽ കഴിയുന്ന രണ്ട് പേർ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റിലായ സിഖ് പ്രഭാഷകൻ അമൃത്‍പാൽ സിംഗ് പഞ്ചാബിലെ ഘദൂർ സാഹിബ് മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. ഇയാൾ ഇപ്പോൾ ആസ്സാമിലെ ദിബ്രുഗഢ് ജയിലിലാണ്. ഭീകര പ്രവർത്തനത്തിന് ധനസഹായം എത്തിച്ചുകൊടുത്ത ആരോപണത്തിൽ ജയിലിലായ ഷെയ്ക്ക് അബ്‍ദുൾ റഷീദ് ജമ്മുക്കാശ്‍മീരിലെ ബാരമുള്ളയിൽ നിന്നാണ് ജയിച്ചത്. ഇയാൾ തീഹാർ ജയിലിലാണ്.
സഭയിൽ ഹാജരാകാനും സഭാനടപടികളിൽ പങ്കെടുക്കാനും കഴിയില്ലെങ്കിലും പാർലമെന്‍റ് അംഗമെന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടനാപരമായ അവകാശം ഇരുവർക്കുമുണ്ട്. അധികൃതർക്ക് അപേക്ഷ നൽകി അനുമതി ലഭിച്ചാൽ പോലീസ് അകമ്പടിയോടെ അവർക്ക് സത്യപ്രതിജ്ഞ ചെയ്യാനായി സഭയിലെത്താം. അന്നത്തേക്ക് സ്പെഷ്യൽ പരോളാണ് അനുവദിക്കുക. തുടർന്ന് സഭയിൽ ഹാജരാകാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി സ്‍പീക്കറിന് അപേക്ഷ നൽകും. സ്‍പീക്കർ അത് അംഗങ്ങളുടെ അസാന്നിധ്യം കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തമുള്ള സഭാ സമിതിയുടെ പരിഗണനക്ക് വിടും. കോടതി കുറ്റക്കാരാണെന്ന് കണ്ടത്തുകയും, മിനിമം 2 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്താൽ, 2013 ലെ സുപ്രീം കോടതി വിധി പ്രകാരം അവർ അയോഗ്യരാകുകയും അംഗത്വം നഷ്‍ടപ്പെടുകയും ചെയ്യും.










Comments