top of page

തായ്‌ലാന്‍റ് ആന സങ്കേതത്തിലെ ചംചൂരിക്ക് ഇരട്ട “വിശേഷം”

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 15, 2024
  • 1 min read
ree

തായ്‌ലാന്‍റിൽ ആയുത്തായ എലഫന്‍റ് പാർക്കിൽ ചംചൂരി എന്ന പിടിയാനക്ക് പിറന്നത് ഇരട്ട കുട്ടികൾ. ആനപ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അമ്പരപ്പും അത്ഭുതവും. വിനോദസഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്ന സ്ഥലമാണ് ആയുത്തായ എലഫന്‍റ് പാലസ് ആന്‍റ് റോയൽ ക്രാൽ ആന സങ്കേതം.

ree

പ്രസവം അടുത്തപ്പോഴോ ആദ്യത്തെ കുട്ടിയെ പ്രസവിച്ചു കഴിഞ്ഞപ്പോൾ പോലുമോ ഇരട്ട ആയിരിക്കുമെന്ന് ആനയുടെ പരിചാരക സംഘം കരുതിയില്ല. ആദ്യം പിറന്നു വീണ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിലായിരുന്ന പാപ്പാന്‍മാരെ അമ്പരപ്പിച്ചുകൊണ്ടാണ് രണ്ടാമത്തെ കുട്ടിയും പിറന്നു വീണത്. എന്തോ നിലത്ത് പതിച്ച ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്. രണ്ട് കുഞ്ഞുങ്ങളെ പെറ്റെന്ന് പെട്ടെന്ന് വിശ്വസിക്കാനാകാതെ തള്ളയാന പോലും സ്തംഭിച്ചു നിൽക്കുന്ന കാഴ്ച്ചയാണ് അവർ കണ്ടത്. ആദ്യത്തേത് ആണും രണ്ടാമത്തേത് പെണ്ണുമാണ്. ഈ രണ്ട് കാര്യങ്ങളും തികച്ചും അപൂർവ്വമാണെന്നാണ് ആനകളെ അടുത്തറിയുന്നവർ പറയുന്നത്. ആനകൾക്ക് ഇരട്ട കുട്ടികൾ ഉണ്ടാകുന്നത് അപൂർവ്വമാണ്. ഒരു ശതമാനത്തിലും താഴെയാണ് അതിന് സാധ്യത. അഥവാ ഇരട്ട പിറന്നാൽ ഒരാണും ഒരു പെണ്ണുമായി ഉണ്ടാകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് സേവ് ദി എലഫന്‍റ് എന്ന ഗവേഷണ സംഘടന പറയുന്നു.

ആന സങ്കേതത്തിലെ അധികൃതർ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ട്വിൻ എലഫന്‍റ് ബേബീസ് വൈറലായിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ തിരക്കും വർധിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page