ഡൽഹിയിൽ വിധിയെഴുത്ത് നാളെ: ഒരുക്കങ്ങൾ പൂർത്തിയായി
- പി. വി ജോസഫ്
- May 24, 2024
- 1 min read

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിൽ ഡൽഹിയിൽ നാളെ നടക്കുന്ന വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പിനുള്ള സന്നാഹങ്ങൾ സജ്ജമാണെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ പി. കൃഷ്‍ണമൂർത്തി പറഞ്ഞു.
ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ചാന്ദ്‍നി ചൗക്ക് എന്നിവയാണ് ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങൾ. മൊത്തം 162 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെയുള്ള 1.52 കോടി വോട്ടർമാരിൽ 82 ലക്ഷം പേർ പുരുഷന്മാരും, 70 ലക്ഷം പേർ സ്ത്രീകളുമാണ്. കന്നി വോട്ടർമാരുടെ എണ്ണം ഏകദേശം 2,52,000 വരും. 2,628 ലൊക്കേഷനുകളിൽ ഒരുക്കിയിരിക്കുന്ന 13,641 പോളിംഗ് ബൂത്തുകളിൽ ഒരു ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സുഗമവും സുരക്ഷിതവുമായി നടക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡൽഹി പോലീസിലെ 78,578 ഉദ്യോഗസ്ഥർക്ക് പുറമെ കേന്ദ്ര സായുധ പോലീസ് സേനയുടെ 46 കമ്പനികളെയും, 19,000 ഹോം ഗാർഡുകളെയും സുരക്ഷാ ജോലിക്കായി വിന്യസിക്കും. പ്രശ്ന സാധ്യതയുള്ളതായി വേർതിരിച്ച 429 ബൂത്തുകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. CCTV ക്യാമറകൾക്ക് പുറമെ ഡ്രോൺ ക്യാമറകളും സമഗ്രമായ നിരീക്ഷണത്തിനായി ഏർപ്പെടുത്തുന്നുണ്ട്.










Comments