ഡൽഹിയിൽ കൊടും ചൂട് തുടരുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 28, 2024
- 1 min read

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഉഷ്‍ണതരംഗം രൂക്ഷമായി തുടരുകയാണ്. തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ നജഫ്‍ഗഡിൽ ഇന്നലെ ഉയർന്ന താപനില 48.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുംഗേഷ്‍പൂർ വെതർ സ്റ്റേഷനിൽ 48.8 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. പൊതുവെ എല്ലായിടത്തും സാധാരണയിലും കൂടിയ താപനിലയാണ് നിലവിലുള്ളത്.
ഉഷ്‍ണതരംഗ സാഹചര്യം അടുത്ത ഏതാനും ദിവസം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റീജണൽ മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. നജഫ്‍ഗഢ്, നരേല, മുംഗേഷ്‍പൂർ എന്നിവിടങ്ങളിലാണ് ഉഷ്‍ണക്കാറ്റ് ആദ്യം വീശുന്നതെന്നും അതാണ് അവിടങ്ങളിൽ താപനില കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള ഉഷ്‍ണക്കാറ്റാണ് ഡൽഹിയുടെ മേഖലയിലേക്ക് വീശിയെത്തുന്നത്.
സൂര്യതാപവും സൂര്യാഘാതവുമേറ്റ് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. പനി, തലവേദന, തലകറക്കം, ഓക്കാനം, ഛർദ്ദി എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ.










Comments