ഡൽഹിയിൽ എലിക്കെണി വിൽപ്പനക്ക് വിരാമം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 6, 2024
- 1 min read

എലികളെ പശ വെച്ച് പിടിക്കുന്ന ഗ്ലൂ ട്രാപ്പുകൾ ഇനി ഡൽഹി മാർക്കറ്റുകളിൽ കിട്ടില്ല. വിൽപ്പന ഡൽഹി മാർക്കറ്റുകൾ അവസാനിപ്പിച്ചു. ഗ്ലൂ ട്രാപ്പിന്‍റെ നിർമ്മാണവും വിൽപ്പനയും ഉപയോഗവും നിർത്തലാക്കണമെന്ന് ജന്തു പരിപാലന സംഘടനയായ PETA ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്, എലികളെയും മറ്റ് ക്ഷുദ്ര ജീവികളെയും നീചമായി കൊല്ലുന്ന ഈ കെണി ഡൽഹി ഗവൺമെന്‍റ് 2023 സെപ്‍റ്റംബറിൽ നിരോധിച്ചു. തുടർന്ന് ഈ കെണിയുടെ ഉപയോഗവും വിൽപ്പനയും അവസാനിപ്പിക്കണമെന്ന് PETA ഇന്ത്യ ഡൽഹിയിൽ 33 സ്റ്റോറുകളുള്ള രാജ്‍മന്ദിർ ഹൈപ്പർമാർക്കറ്റിനോട് അഭ്യർത്ഥിച്ചു. മറ്റ് കച്ചവട സ്ഥാപനങ്ങളോടും അവർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഗവൺമെന്‍റിന്‍റെ നിരോധന ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തങ്ങൾ ഇതിന്‍റെ വിൽപ്പന അവസാനിപ്പിച്ചെന്ന് രാജ്‍മന്ദിർ ഹൈപ്പർമാർക്കറ്റിന്‍റെ 25 കാരനായ CEO ആദിത്യ മിത്തൽ പറഞ്ഞു. ഗവൺമെന്‍റിന്‍റെ ഉത്തരവിന്‍റെയും PETA ഇന്ത്യയുടെ സമ്മർദ്ദത്തിന്‍റെയും ഫലമായി ആമസോൺ, ഫ്ലിപ്‍കാർട്ട് മുതലായ ഇ-കൊമേർസ് സൈറ്റുകളും അവരുടെ സെയിൽ ഐറ്റങ്ങളിൽ നിന്ന് ഗ്ലൂ ട്രാപ്പ് ഒഴിവാക്കി. ഗ്ലൂ ട്രാപ്പിൽ കുടുങ്ങുന്ന ജീവികൾ രക്ഷപെടാനുള്ള പരാക്രമത്തിൽ വളരെനേരം വേദന അനുഭവിച്ച ശേഷമാണ് ചാകുന്നതെന്നും ഈ കെണി അവയോടുള്ള ക്രൂരതയാണെന്നും PETA ഇന്ത്യയുടെ ചീഫ് കോർപ്പറേറ്റ് ലെയ്‌സൺ അഷിമ കുക്രേജ പറഞ്ഞു.










Comments