ഡൽഹിയിലെ ഉഷ്‍ണതരംഗം: പോളിംഗ് ദിനത്തിൽ പ്രത്യേക കരുതൽ
- പി. വി ജോസഫ്
- May 4, 2024
- 1 min read

ന്യൂഡൽഹി: താപനില കൂടിവരുന്ന തലസ്ഥാന നഗരത്തിൽ പോളിംഗ് ദിനം അടുക്കുന്നതോടെ ഉഷ്‍ണതരംഗം രൂക്ഷമായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അത് മുൻനിർത്തി പോളിംഗ് സ്റ്റേഷനുകളിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തും. ഓരോ ബൂത്തിലും പാരാമെഡിക്കൽ സ്റ്റാഫിനെ നിയോഗിക്കും. തണുത്ത വെള്ളം ലഭ്യമായിരിക്കും.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഈ മാസം 25 നാണ് വോട്ടെടുപ്പ്. 2,627 പോളിംഗ് ലൊക്കേഷനുകളിലായി 13,637 പോളിംഗ് സ്റ്റേഷനുകളാണ് 1.51 കോടി വോട്ടർമാർക്കായി ഒരുക്കുന്നത്. വോട്ടർമാരെ ബൂത്തിലെത്തിക്കാനും, തിരികെ വീട്ടിലെത്തിക്കാനും പിക്കപ്പ് ആന്‍റ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.
വോട്ടെടുപ്പ് കേന്ദ്രങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിക്കും. നഗരത്തിലെ സർക്കാർ ആശുപത്രികളും, സ്വകാര്യ ആശുപത്രികളും ജിയോ-മാപ്പിംഗ് സംവിധാനത്തിലൂടെ അവയുമായി ലിങ്ക് ചെയ്യും. വോട്ടർമാർക്കോ പോളിംഗ് ഉദ്യോഗസ്ഥർക്കോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ എന്തെങ്കിലും മെഡിക്കൽ എമർജൻസി നേരിട്ടാൽ അടിയന്തര സഹായത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. ആംബുലൻസ് സേവനം എല്ലായിടത്തും ഉണ്ടാകും.
പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ചീഫ് ഇലക്‌ടറൽ ഓഫീസർ പി. കൃഷ്‍മൂർത്തി ബന്ധപ്പെട്ട ഡിപ്പാർട്ട്‍മെന്‍റുകളിലെ ഉദ്യോഗസ്ഥരുമായി ഇന്നലെ ചർച്ച ചെയ്തു.










Comments