top of page

ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം

  • റെജി നെല്ലിക്കുന്നത്ത്
  • Apr 13, 2024
  • 1 min read

ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലെ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 15 മുതല്‍.

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യബാച്ചിലേയ്ക്ക് കഴിഞ്ഞമാസം അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിനോടകം ജര്‍മ്മന്‍ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ (എല്ലാ മോഡ്യൂളുകളും) പാസ്സായവര്‍ക്കായി ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് ഏപ്രില്‍ 15 മുതല്‍ 18 വരെ വാക്ക്ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും കണ്‍ഫര്‍മേഷന്‍ കിട്ടാത്തവര്‍ക്കും അപേക്ഷനല്‍കാന്‍ കഴിയും. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ (എല്ലാ മോഡ്യൂളുകളും) പാസ്സായവര്‍ക്കുമാണ് (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2023 ഏപ്രിലിലോ അതിനുശേഷമോ) വാക്ക്ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം. പ്രസ്തുത യോഗ്യത ഉള്ളവർ ഒഫീഷ്യൽ വാട്ട്സ്ആപ്പ് നമ്പറില്‍ (+91-9446180540) വിശദമായ CV യൂം ഭാഷാപരിജ്ഞാനം വ്യക്തമാക്കുന്ന സർട്ടിഫിക്കേറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് വിധേയം ആയിട്ടായിരിക്കും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അവസരം.

നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതി വഴി ലഭിക്കുന്നത്. 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page