ജനസംസ്കൃതി: കേന്ദ്രതല സർഗോത്സവത്തിന് തുടക്കമാകുന്നു

ന്യൂഡൽഹി: 'മാനവികതയുടെ ആഘോഷം' എന്ന മുദ്രാവാക്യമുയർത്തി ജനസംസ്കൃതി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കേന്ദ്രതല സർഗോത്സവത്തിന് കൊടി ഉയരുന്നു. സെപ്‌തംബർ 27, ഒക്ടോബർ 2, 4, 10, 11, 18 എന്നീ തീയതികളിലായി നടന്ന ബ്രാഞ്ച് തല സർഗോത്സവങ്ങൾക്ക് ശേഷമാണ് കേന്ദ്രതല മത്സരങ്ങൾ അരങ്ങേറുന്നത്. ജനസംസ്കൃതിയുടെ 22 ബ്രാഞ്ചുകളിൽ നിന്ന് വിജയിച്ച് കേന്ദ്രതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മികച്ച മത്സരാർത്ഥികളാണ് ഇതിൽ മാറ്റുരയ്ക്കുന്നത്.
ഒക്ടോബർ 25 ഞായറാഴ്ച, ഡൽഹി ശ്രീമന്ത് മാധവ്റാവു സിന്ധ്യ മാർഗിലെ കേരള സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ 'പ്രൊഫ. കെ. എൻ. പണിക്കർ നഗറി'ലെ 'ഡോ : എം. പി. പരമേശ്വരൻ വേദി'യിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. സാഹിത്യരചനാ മത്സരങ്ങളോടെയാവും സർഗോത്സവത്തിന് ആരംഭം കുറിക്കുക. രാവിലെ 9 മണി മുതൽ മലയാളത്തിലും ഇംഗ്ലീഷ് ഭാഷയിലുമായി ജൂനിയർ, സീനിയർ, യൂത്ത്, യൂത്ത്പ്രൈം, എൽഡേഴ്‌സ് കാറ്റഗറികളിൽ കവിതാരചന, കഥാരചന, ഉപന്യാസ രചന, ക്വിസ്, ഹിന്ദി ഗ്രൂപ്പ് ഡിസ്കഷൻ എന്നീ ഇനങ്ങളിലാണ് അന്നേ ദിവസം മത്സരങ്ങൾ നടക്കുക.



Comments