ചൈനയിലെ കോവിഡ് പുറംലോകത്തെ അറിയിച്ച ബ്ലോഗർ ജയിൽ മോചിതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 22, 2024
- 1 min read

ചൈനയിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത് റിപ്പോർട്ടിലൂടെയും വീഡിയോയിലൂടെയും ആദ്യം പ്രചരിപ്പിച്ച അഭിഭാഷക കൂടിയായ ഷാങ് സാൻ എന്ന ബ്ലോഗറെ ജയിലിൽ നിന്ന് മോചിപ്പിച്ചു. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് എന്ന മാധ്യമ കൂട്ടായ്‌മയാണ് ഈ വിവരം അറിയിച്ചത്.
ചൈനയിലെ വുഹാനിലാണ് 2020 ആദ്യത്തോടെ കോവിഡ് മഹാമാരി പടർന്നു പിടിച്ചത്. തുടർന്ന് വുഹാനിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയെങ്കിലും അക്കാര്യം പുറത്തറിഞ്ഞില്ല. ഫെബ്രുവരിയിൽ ഷാംഗായിൽ നിന്ന് വുഹാനിൽ എത്തിയ ഷാങ് സാൻ ലോക്ക്‌ഡൗണിലെ ജനങ്ങളുടെ ദുരിതവും, ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞതും, യഥാർത്ഥ മരണ സംഖ്യ അധികൃതർ മറച്ചുവെക്കുന്നതുമൊക്കെ വീഡിയോയിലൂടെ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ അക്കാര്യം പുറംലോകം അറിയുകയും ചെയ്തു.
സമൂഹത്തിൽ സംഘർഷവും പ്രകോപനവും സൃഷ്‍ടിക്കുന്നു എന്ന കുറ്റമാരോപിച്ച് 2020 മെയ് മാസത്തിൽ ഷാങ് അറസ്റ്റിലാകുകയും തടവിലാക്കപ്പെടുകയും ചെയ്തു. ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച അവർക്ക് ബലം പ്രയോഗിച്ച് ട്യൂബിട്ട് ഭക്ഷണം നൽകുകയാണ് ചെയ്തത്. അവർക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍റെ ലൈസൻസ് പിന്നീട് റദ്ദാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചെങ്കിലും അവർ പോലീസിന്‍റെ സൂക്ഷ്‍മനിരീക്ഷണത്തിലാണ്.




Comments