കമലാ ഹാരിസ്സിന് പിന്തുണയേറുന്നു; ഒപ്പം സംഭാവനയും
- പി. വി ജോസഫ്
- Jul 22, 2024
- 1 min read

അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത വർധിച്ചു. ഉന്നത ഡെമോക്രാറ്റ് നേതാക്കളുടെ പിന്തുണ കമലാ ഹാരിസ്സിന് ഇതിനകം ലഭിച്ചുകഴിഞ്ഞു. ബൈഡൻ മാറിയാൽ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ള ഗാവിൻ ന്യുസോം, പീറ്റ് ബാട്ടിഗേഗ് എന്നിവരും കമലയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ച ജോ ബൈഡനും കമലയുടെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥിയാകാനുള്ള സ്വാഭാവിക സാധ്യത കമലാ ഹാരിസ്സിനാണെങ്കിലും സുതാര്യമായ നോമിനേഷൻ പ്രോസസ് പിന്തുടരണമെന്ന് മറ്റ് ചില നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ കരുത്തുള്ള സ്ഥാനാർത്ഥിയെ സുതാര്യമായ നടപടിക്രമങ്ങളിലൂടെ കണ്ടെത്തുമെന്നും ഡെമോക്രാറ്റിക് പാർട്ടി അക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജെയ്‌മി ഹാരിസ്സൺ പറഞ്ഞു.
അതിനിടെ കമലാ ഹാരിസ്സിന്‍റെ കാംപെയിനു വേണ്ടി സംഭാവനയും വൻ തോതിൽ ലഭിച്ചു തുടങ്ങി. ജോ ബൈഡന്‍റെ പ്രഖ്യാപനം വന്നതിനെ തുടർന്ന് 46.7 മില്യൻ ഡോളറാണ് ഫണ്ടിലേക്ക് എത്തിയത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ പിരിച്ചെടുത്ത തുകയാണ് അതെന്ന് ഡെമോക്രാറ്റിക് ഫണ്ട്‍റെയിസിംഗ് ഗ്രൂപ്പായ ആക്‌ട്ബ്ലൂ വ്യക്തമാക്കി. ഇതുവരെ കിട്ടിയതിൽ ഒറ്റദിവസം കിട്ടിയ ഏറ്റവും വലിയ തുകയാണ് ഇത്.
Comentarios