കബൂത്തർ ജാ ജാ ജാ...; പ്രാവിന് തീറ്റകൊടുക്കൽ നിരോധിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 27, 2024
- 1 min read

ഡൽഹിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. പ്രാവുകൾ ഇല്ലാത്ത ജനവാസ സ്ഥലങ്ങൾ ഇല്ലെന്ന് പറയാം. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്‍ടമുള്ള ഈ പക്ഷികൾ വീടുകളുടെ ബാൽക്കണികളിലും ജനാലകളിലുമൊക്കെ കൂടുകൂട്ടി മുട്ടയിട്ടാണ് പെരുകുന്നത്. തലസ്ഥാന നഗരത്തിൽ ഇപ്പോൾ അവയുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. അവ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നഗര നിവാസികളുടെ ഇടയിൽ കൂടിവരികയാണ്. ഈ സാഹചര്യം മുൻ നിർത്തിയാണ് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന ശീലത്തിന് വിലക്ക് ഏർപ്പെടുത്താനുള്ള ഒരു പ്രൊപ്പോസൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മുന്നോട്ടു വെക്കുന്നത്.
പ്രാവുകളുടെ കാഷ്‍ടത്തിലൂടെയും, ചിറകടിച്ചുയരുമ്പോൾ വായുവിൽ പടരന്ന ചില തരികളിലൂടെയും ആസ്‍ത്‍മയും അലർജിയും രൂക്ഷമാകാറുണ്ടെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖർ പറയുന്നത്. സാൽമോനില, ഇ-കോലി എന്നിങ്ങനെയുള്ള അണുക്കളാണ് അവയിലൂടെ പടരുന്നത്. അവ ശ്വാസസംബന്ധമായ തകരാറുകളും ഉണ്ടാക്കും.
വിദഗ്‌ധരുടെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് അടിയന്തര നടപടികൾ എടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.











Comments