കന്യാസ്ത്രീകളുടെ കടുംപിടുത്തം; കെയർ ഹോമിൽ നിന്ന് ഇറങ്ങിപ്പോയി
- പി. വി ജോസഫ്
- Sep 14
- 1 min read

ഓസ്ട്രിയയിൽ വന്ദ്യവയോധികരായ മൂന്ന് കന്യാസ്ത്രീകൾ കെയർ ഹോം വിട്ടിറങ്ങി. തങ്ങളുടെ സമ്മതമോ ഇഷ്‍ടമോ ഇല്ലാതെയാണ് കെയർ ഹോമിൽ പ്രവേശിപ്പിച്ചതെന്നാണ് മൂവരുടെയും പരാതി. സിസ്റ്റർ ബെർണാഡെറ്റാണ് ഇവരിൽ സീനിയർ. 88 വയസ്സാണ്. സിസ്റ്റർ റെജീനക്ക് 86 വയസ്സും, സിസ്റ്റർ റീത്തയ്ക്ക് 82 ഉം വയസ്സാണ് പ്രായം. മൂവരും തങ്ങൾ വർഷങ്ങളോളം ഒരുമിച്ചു ജീവിച്ച്, സേവനം ചെയ്ത പഴയ കോൺവെന്‍റിൽ തിരിച്ചെത്തി. എൽസ്ബെതേനിലെ ക്ലോസ്റ്റർ ഗോൾഡൻസ്റ്റെയിൻ കോൺവെന്‍റിൽ അവസാനം ശേഷിച്ചിരുന്ന മൂന്ന് പേരാണ് ഇവർ.
പ്രായാധിക്യം കണക്കിലെടുത്ത് സഭാധികാരികളാണ് ഇവരെ കെയർ ഹോമിലേക്ക് മാറ്റിയത്. എന്നാൽ തങ്ങളോട് സമ്മതം ചോദിക്കാതെയാണ് മാറ്റിയതെന്നും, കെയർ ഹോമിൽ സന്തുഷ്‍ടരല്ലെന്നുമാണ് ഇവർ പറഞ്ഞത്. നാളുകളായി ആൾവാസമില്ലാതെ അടഞ്ഞുകിടന്ന പഴയ കോൺവെന്‍റ് കൊല്ലനെ വിളിച്ചു വരുത്തിയാണ് തുറന്നത്. കരണ്ടും വെള്ളവുമൊക്കെ പഴയപടി ലഭിക്കാൻ പലരുടെയും സഹായം വേണ്ടിവന്നു.
കോൺവെന്‍റിന്‍റെ മേൽനോട്ടത്തിൽ നടത്തിയിരുന്ന സ്‍കൂളിലെ അധ്യാപകരായിരുന്നു ഇവർ മൂന്നു പേരും. ആയുസ്സിന്‍റെ നല്ലൊരു ഭാഗവും ചെലവഴിച്ച സ്വന്തം കോൺവെന്‍റിലെ പോരായ്‌മകൾ എന്തൊക്കെയുണ്ടെങ്കിലും അതൊക്കെയാണ് കെയർ ഹോമിലെ സുഖസൗകര്യത്തേക്കാളും പരിചരണത്തേക്കാളും അവർക്കിഷ്‍ടം. പണ്ട് പഠിപ്പിച്ച വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ വലിയ സ്ഥാനങ്ങളിലുണ്ട്. അവരുടെ കൂട്ടായ്‌മ മെഡിക്കൽ പരിചരണവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ ഇവർക്ക് മുടങ്ങാതെ നൽകിവരുന്നു.










Comments