top of page

കൊലക്കയറിന് ഊഴം കാത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രതി നിരപരാധി

  • പി. വി ജോസഫ്
  • Sep 26, 2024
  • 1 min read
ree

ജപ്പാനിൽ വധശിക്ഷ വിധിക്കപ്പെട്ട് 50 വർഷത്തിലേറെ തടവിൽ കഴിഞ്ഞ പ്രതി നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. ലോകത്ത് കൊലക്കയർ കഴുത്തിൽ മുറുകുന്ന നിമിഷത്തിന്‍റെ വിറങ്ങലിൽ ഇത്രയേറെ കാലം തള്ളിനീക്കിയ മറ്റൊരാളില്ല. ഇവായോ ഹക്കാമഡ എന്ന 88 കാരനാണ് അത്. മോചിതനായെങ്കിലും സന്തോഷിക്കാൻ വകയില്ലാതെ പോയ ഹതഭാഗ്യൻ. വർഷങ്ങൾക്ക് മുമ്പേ അയാളുടെ മനോനില തെറ്റിയിരുന്നു.


പ്രൊഫഷണൽ ബോക്‌സറായിരുന്ന അയാൾ ഒരു ഭക്ഷ്യ സംസ്ക്കരണ ശാലയിലാണ് ജോലി ചെയ്തിരുന്നത്. നാല് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ 1968 ലാണ് ഹക്കാമഡ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഹക്കാമഡയുടെ തൊഴിലുടമയും ഭാര്യയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കാണപ്പെട്ട ഹക്കാമഡയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയും ശിക്ഷാവിധിയും കഴിഞ്ഞു. അയാൾ നിരപരാധിയാണെന്ന് ആക്ഷൻ കമ്മിറ്റി നിരന്തരം വാദമുയർത്തിയതിനെ തുടർന്നാണ് പുനർവിചാരണക്ക് കളമൊരുങ്ങിയത്. അപ്പോഴേക്കും അയാൾ വധശിക്ഷ കാത്ത് 46 വർഷം പിന്നിട്ടിരുന്നു. പുനർവിചാരണ നടത്താൻ തീരുമാനിച്ചതോടെ 2014 ൽ അയാളെ ജയിലിൽ നിന്ന് മോചിപ്പിച്ചു. തുടർന്ന് ഇപ്പോൾ 91 വയസ് പ്രായമായ സഹോദരിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഈ സഹോദരിയാണ് ലോകചരിത്രത്തിലെ ഏറ്റവും സുദീർഘമായ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയത്. കേസ് അന്വേഷിച്ച പോലീസുകാർ കള്ളത്തെളിവുണ്ടാക്കി കുടുക്കിയതാണെന്ന് പുനർവിചാരണയിൽ തെളിഞ്ഞു.

ree

ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റിയ കേസായതിനാൽ പുനർവിചാരണക്ക് ശേഷമുള്ള വിധി കേൾക്കാൻ 500 ലധികം പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. കുറ്റവിമുക്തനാക്കി വെറുതെവിട്ടതോടെ ജനക്കൂട്ടം ആഹ്ളാദാരവം മുഴക്കി. പണ്ടേ മനോനില തെറ്റിയ ഹക്കാമഡക്ക് ജനക്കൂട്ടം എന്തിനാണ് ആനന്ദിക്കുന്നതെന്നോ, എന്താണ് സംഭവിച്ചതെന്നോ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് മാത്രം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page