top of page

കേരള ഹൗസില്‍ നോര്‍ക്ക കെയര്‍ ക്യാംപ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 30
  • 1 min read

ree

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിന് ഡല്‍ഹിയിലുള്ള പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കുന്ന പ്രത്യേക ക്യാംപ് കേരള ഹൗസില്‍ നടത്തുന്നു. പൊതു അവധി ദിനങ്ങളായ സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെ കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാംപ്.രണ്ട് വര്‍ഷത്തിലധികമായി കേരളത്തിനു പുറത്ത് താമസിക്കുന്ന, നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്കാണ് നോര്‍ക്ക കെയര്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. പുതിയ കാര്‍ഡ് എടുക്കുന്നതിനും പഴയതു പുതുക്കുന്നതിനുള്ള സൗകര്യവും ക്യാംപില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍ അറിയിച്ചു.

രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. ഇന്ത്യയിലുടനീളം 16,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കാനാകും. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. നോര്‍ക്ക ഐഡി കാര്‍ഡിന് ഒരാള്‍ക്ക് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13,411 രൂപയും വ്യക്തിയ്ക്ക് 8,101 രൂപയുമാണ് ഫീസ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 21 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-23360350 എന്ന നമ്പറില്‍ ബന്ധപ്പെടാം, വാട്ട്‌സ്ആപ്പ് നമ്പര്‍ -9310443880

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page