കൊതുകുശല്യം പെരുകുന്നു, ഒപ്പം പരാതികളും
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 3, 2024
- 1 min read

New Delhi: നഗരത്തിന്‍റെ പല ഭാഗങ്ങളിലും കൊതുകുശല്യം കൊണ്ട് ജനങ്ങൾ വലയുകയാണ്. ഏപ്രിൽ മാസത്തിലെ കാലാവസ്ഥ കൊതുകുകൾ പെരുകാൻ അനുകൂലമായിരുന്നെന്ന് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്ന് RWA കളുടെ പക്കലും RWA കളുടെ ഭാഗത്തു നിന്ന് MCD യിലും എത്തുന്ന പരാതികൾ അനവധിയാണ്. കൊതുകുകൾ പെരുകാൻ ഇടയുള്ള ഇടങ്ങളിലൊക്കെ പരിശോധന നടത്തി ആവശ്യമായ നടപടികൾ എടുക്കുന്നുണ്ടെന്നാണ് MCD ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏകദേശം 4,660 തൊഴിലാളികളെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
കൊതുകുകൾ പെരുകുന്നത് തടയാനുള്ള അടിയന്തര നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ RWA കൾക്കും, മാർക്കറ്റ് അസോസിയേഷനുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
കൊതുകുശല്യം കഴിഞ്ഞ ഏതാനും ആഴ്ച്ചകളിൽ പെട്ടെന്ന് കൂടിയെന്ന് RWA കളുടെ ഏകോപന സംഘടനയായ URJA യുടെ അധ്യക്ഷൻ അതുൽ ഗോയൽ പറഞ്ഞു. കൊതുകുകൾ പെരുകി കഴിഞ്ഞ് ഫോഗിംഗ് നടത്തിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തി കൊതുക് പെരുകുന്നത് തടയണം. അഴുക്കുചാലുകളിലെ ബ്ലോക്കുകൾ നീക്കി വൃത്തിയാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കൊതുകുകൾ പെരുകാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്‍ടിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി നടപടികൾ എടുത്തുവരികയാണ്. അത്തരം കെട്ടിടങ്ങളുടെ ഉടമകൾക്ക് ഇതുവരെ 15,000 ൽ കൂടുതൽ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ വക്താക്കൾ അറിയിച്ചു.










Comments