കാണാതായ സഹോദരിമാരെ കണ്ടെത്തി; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 1, 2024
- 1 min read

New Delhi: സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് ഡൽഹിയിൽ നിന്ന് ഒരു വർഷം മുമ്പ് കാണാതായ രണ്ട് സഹോദരിമാരുടെ കാര്യത്തിൽ ഉണ്ടായത്.
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്ന് ഡൽഹിയിലെത്തി താമസമാക്കിയ കുടുംബത്തിലെ സഹോദരിമാരാണ് സീതയും ഗീതയും. സീതക്ക് 20 ഉം ഗീതക്ക് 21 ഉം വയസ്സാണ് പ്രായം. ഒരു വയസ്സിന്‍റെ വ്യത്യാസം ഉണ്ടെങ്കിലും കണ്ടാൽ ഇരട്ടയാണെന്ന് തോന്നിക്കുന്ന സാദൃശ്യം. കാഴ്ച്ചയിൽ മാത്രമല്ല, അവരുടെ ജീവിതത്തിലുമുണ്ട് സാദൃശ്യം.
സഹോദരിമാരെ കാണാനില്ലെന്ന് 2023 ജനുവരിയിൽ സഹോദരൻ അജയ് പ്രജാപതി പോലീസിൽ പരാതി നൽകി. പോലീസിന്‍റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. അജയ് സ്വന്തം നിലയിലും അന്വേഷണം നടത്തി. ജയന്ത് മൗര്യ എന്നയാളുമായി ഒരു സഹോദരിക്ക് മുൻപ് പ്രണയം ഉണ്ടായിരുന്നതിനാൽ ആ വഴിയായി അന്വേഷണം. എന്നാൽ അയാളും കുടുംബവും അജയ് പ്രജാപതിയോട് കയർത്തു. വാക്കേറ്റത്തിനിടെ അവർ ഒരു ഭീഷണി മുഴക്കി. "സഹോദരിമാർക്ക് ഉണ്ടായ അതേ വിധി ആയിരിക്കും നിനക്കും" എന്നായിരുന്നു ഭീഷണി.
അതോടെ, സഹോദരിമാർ കൊല്ലപ്പെട്ടെന്ന് അജയ് ഉറപ്പിച്ചു. പോലീസിൽ വീണ്ടും പരാതിപ്പെട്ടു. ഇരട്ട കൊലപാതകമാണ് കേസ്. തെളിവിന്‍റെ അഭാവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. നിശ്ചയദാർഢ്യം കൈവിടാതെ അജയ് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം 2024 ജനുവരി 8 ന് ഗോരഖ്‌പൂരിലെ ബൽഗാട്ട് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ പോലീസ് ഇരുവരെയും കണ്ടെത്തി.
സ്വസ്ഥതയില്ലാതെ ഒരു വർഷം നട്ടംതിരിഞ്ഞ കുടുംബത്തെ അമ്പരപ്പിച്ചുകൊണ്ട് അവർ സത്യം തുറന്നു പറഞ്ഞു. പ്രണയിച്ചവരെ വിവാഹം കഴിക്കാൻ ഒളിച്ചോടിയതാണ്. ഇപ്പോൾ ഇരുവർക്കും 6 മാസം വീതം പ്രായമുള്ള പെൺമക്കളുമുണ്ട്.










Comments