കാണാതായ വാച്ച് കണ്ടുകിട്ടിയത് അമ്പത് വർഷത്തിന് ശേഷം
- പി. വി ജോസഫ്
- Jun 22, 2024
- 1 min read

ബ്രിട്ടനിലെ ഒരു കർഷകന് തന്‍റെ കാണാതായ റോളെക്‌സ് വാച്ച് തിരിച്ചു കിട്ടിയത് അമ്പത് വർഷത്തിനു ശേഷം. ജെയിംസ് സ്റ്റീൽ എന്ന കർഷകന് ഇപ്പോൾ 95 വയസ്സാണ് പ്രായം. 21 വയസ് തികഞ്ഞ പിറന്നാൾ ആഘോഷവേളയിൽ സമ്മാനം കിട്ടിയ വാച്ച് അദ്ദേഹത്തിന് വിലയേക്കാളേറെ വിലപ്പെട്ടതായിരുന്നു. 20 വർഷം കഴിഞ്ഞ് സ്വന്തം ഫാമിൽ ജോലി ചെയ്തിരുന്ന കാലത്ത് വാച്ച് കളഞ്ഞുപോയി. ഫാം മുഴുവൻ അരിച്ചുപെറുക്കി തപ്പിയെങ്കിലും ഏറെ ഇഷ്‍ടപ്പെട്ടിരുന്ന വാച്ച് കിട്ടിയില്ല. ഫാമിലെ പശുക്കളിൽ ഏതെങ്കിലും പുല്ലിനോടൊപ്പം തിന്നതായിരിക്കാമെന്ന് കരുതി തിരച്ചിൽ അവസാനിപ്പിച്ചു. അമ്പത് വർഷങ്ങൾ കടന്നുപോയി. ജെയിംസ് സ്റ്റീലിന്‍റെ മകന് പഴയ നാണയങ്ങൾ ശേഖരിക്കുന്ന ഹോബിയുണ്ട്. വിശാലമായ ഫാമിൽ പഴയ നാണയത്തുട്ടുകൾ ഉണ്ടെങ്കിൽ കണ്ടെത്താനാണ് അയാൾ മെററൽ ഡിറ്റക്‌ടർ കൊണ്ട് ഫാം മുഴുവൻ തപ്പിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കാണാതായ റോളെക്‌സ് വാച്ച് മകൻ ഏൽപ്പിച്ചപ്പോൾ പായൽ പിടിച്ച് പഴക്കം ചെന്നെങ്കിലും അദ്ദേഹത്തിന് പിറന്നാൾ സമ്മാനത്തേക്കാൾ അമൂല്യമായ സമ്മാനമായിരുന്നു അത്.










Comments