top of page

കൊടും ചൂട് എത്രയുമാകട്ടെ, ചിഡിയാ ഘറിൽ എല്ലാം കൂൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 2, 2024
  • 1 min read
ree

ന്യൂഡൽഹി: കൊടും ചൂടിൽ കുളിർമ്മയേകാൻ കൂളറുകൾ, നീന്തിത്തുടിക്കാൻ കുളങ്ങൾ, വെള്ളം ദേഹത്ത് തളിക്കാൻ സ്‍പ്രിങ്ക്‌ളറുകൾ. ഉഷ്‍ണതരംഗത്തിൽ നട്ടം തിരിയുന്ന ഉത്തരേന്ത്യക്കാർ കൊതിച്ചുപോകുന്ന സൗകര്യങ്ങൾ. പക്ഷെ ഈ സൗഭാഗ്യങ്ങളൊക്കെ ഒരുക്കിയിരിക്കുന്നത് ജനങ്ങൾക്കല്ല. ഡൽഹി കാഴ്ച്ചബംഗ്ലാവിലെ പക്ഷികൾക്കും മൃഗങ്ങൾക്കുമാണ്.

ree

മാർച്ച് മാസം ആകുമ്പോൾ തന്നെ ചിഡിയാ ഘറിൽ സമ്മർ പ്രോട്ടോക്കോൾ സജ്ജമാകും. അതനുസരിച്ചാണ് ദിനചര്യകളും ആഹാരക്രമങ്ങളും ഒരുക്കുക. കടുവകൾക്കും കരടികൾക്കുമൊക്കെ നീന്തിത്തുടിക്കാൻ കുളങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആനകൾക്ക് ദിവസം മൂന്നു നേരം കുളി നിർബന്ധമാണ്. അതിനുപുറമെ ഇടക്കിടെ ദേഹത്ത് വെള്ളം തളിച്ചു കൊടുക്കുകയും ചെയ്യും.

ree

മൃഗങ്ങളെയും പക്ഷികളെയും പാർപ്പിച്ചിരിക്കുന്ന കൂടുകൾക്ക് ചുറ്റും കൂളറുകളും സ്‍പ്രിങ്ക്ളറുകളും സ്ഥാപിച്ചിട്ടുണ്ട്.

വെള്ളക്കടുവ, ആന, ഏഷ്യൻ സിംഹം എന്നിങ്ങനെ 96 ഇനങ്ങളിൽ പെട്ട മൃഗങ്ങളാണ് ഇപ്പോൾ ഡൽഹി കാഴ്ച്ചബംഗ്ലാവിൽ ഉള്ളത്.

ആഹാരക്രമത്തിൽ തണുത്ത സാധനങ്ങൾക്കാണ് പ്രാമുഖ്യം. സസ്യാഹാരികൾക്ക് ഫ്രൂട്ട് ഐസ് ബോളുകൾ പ്രത്യേകം തയ്യാറാക്കി നൽകാറുണ്ട്. തണ്ണിമത്തനും പപ്പായയും പോലുള്ള പഴവർഗ്ഗങ്ങൾ സാധാരണ തോതിലും കൂടുതലായി നൽകും. ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ORS) കലർത്തിയാണ് വെള്ളം കൊടുക്കുക. മൃഗങ്ങൾക്കോ പക്ഷികൾക്കോ കൊടും ചൂടു മൂലം തളർച്ച തോന്നുകയോ തീറ്റ എടുക്കാതിരിക്കുകയോ ചെയ്താൽ മൃഗഡോക്‌ടർമാരുടെ സേവനം എപ്പോഴും റെഡിയാണ്.

പക്ഷികളുടെയും മൃഗങ്ങളുടെയും ആരോഗ്യകാര്യത്തിൽ സദാ ജാഗ്രത വേണമെന്ന് കാഴ്ച്ചബംഗ്ലാവിലെ ജീവനക്കാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page