കുഞ്ഞിന്‍റെ ദേഹത്ത് ചൂടുകാപ്പി ഒഴിച്ചയാളെ ആസ്ത്രേലിയൻ പോലീസ് തിരയുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 9, 2024
- 1 min read

ആസ്ത്രേലിയയിൽ 9 മാസം മാത്രം പ്രായമുള്ള ശിശുവിന്‍റെ മേൽ ചൂടുകാപ്പി ഒഴിച്ചയാളെ പോലീസ് സ്വദേശത്തും വിദേശത്തും തിരയുകയാണ്. അയാൾ രാജ്യം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്താരാഷ്‍ട്ര തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. മുഖത്തും കൈകാലുകളിലും ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് ഒന്നിലധികം സർജ്ജറികൾ നടത്തി. ചികിത്സ വർഷങ്ങളോളം നീണ്ടേക്കുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.
ഒരു 33 കരനാണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് 6 ദിവസത്തിന് ശേഷം ഇയാൾ സിഡ്‍നി എയർപോർട്ടിലെത്തിയെന്നും രാജ്യം വിട്ടുവെന്നുമാണ് പോലീസ് കരുതുന്നത്. അന്താരാഷ്‍ട്ര തലത്തിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമിയെ തിരിച്ചറിയാൻ വൈകിയതാണ് അയാൾ രക്ഷപെടാൻ ഇടയാക്കിയത്.
ക്വീൻസ്‍ലാന്‍റിൽ കുഞ്ഞുമായി കുടുംബം ഒരു പാർക്കിൽ പിക്‌നിക്കിന് എത്തിയതാണ്. കുഞ്ഞിനെ മടിയിൽ വെച്ച് അമ്മ പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അപരിചിതനായ ഒരാൾ അടുത്തെത്തി ഫ്ലാസ്ക്കിൽ ഉണ്ടായിരുന്ന തിളച്ച കാപ്പി കുഞ്ഞിന്‍റെ ദേഹത്തേക്ക് ഒഴിച്ചിട്ട് കടന്നുകളഞ്ഞത്. അയാൾ ഓടിപ്പോകുന്ന ദൃശ്യങ്ങൾ ക്ലോസ്‍ഡ് സർക്യൂട്ട് ടിവിയിൽ നിന്ന് പോലീസിന് ലഭിച്ചു. സംഭവം തങ്ങളെ ആകെ തകർത്തിരിക്കുകയാണെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കൾ പറഞ്ഞു.
Comentarios