കൊച്ചി മെട്രോയ്ക്ക് പ്രിയമേറുന്നു; ഇന്നുമുതൽ കൂടുതൽ ട്രെയിനുകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 15, 2024
- 1 min read

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ തിരക്ക് മുമ്പത്തേക്കാൾ കൂടിവരികയാണ്. കഴിഞ്ഞ 10 ദിവസമായി കൊച്ചി മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കവിഞ്ഞു. 2016 ൽ സർവ്വീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഇത്രയും വർധന രേഖപ്പെടുത്തുന്നത് ആദ്യമാണ്. ഈ ട്രെൻഡ് കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) 12 സർവ്വീസുകൾ അധികമായി ഏർപ്പെടുത്താൻ തീരുമാനിച്ചു. തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനുമുള്ള ഈ അധിക സർവ്വീസുകൾ ജൂലൈ 15 ന് ഓടിത്തുടങ്ങും. തിരക്കേറിയ സമയമായ രാവിലെ 8 മുതൽ 10 വരെയും, വൈകിട്ട് 4 മുതൽ 7 വരെയുമാണ് അധിക സർവ്വീസ്.
മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 2023 ൽ പ്രതിമാസം 25,97,423 ആയിരുന്ന ശരാശരി ഈ വർഷം ആദ്യത്തെ 6 മാസത്തിലെ കണക്കനുസരിച്ച് പ്രതിമാസം 27,37,928 എന്ന ശരാശരിയിലേക്ക് ഉയർന്നു. റോഡുകളിലെ നീണ്ട ഗതാഗതക്കുരുക്കും ബസ്സുകളുടെ ലഭ്യതക്കുറവുമാണ് കൂടുതൽ പേർ മെട്രോയിലേക്ക് തിരിയാൻ പ്രധാന കാരണം. സർവ്വീസ് തൃപ്പൂണിത്തുറ വരെ നീട്ടിയതും കൂടുതൽ പേരെ ആകർഷിച്ചു.

ആലുവയിൽ നിന്ന് എയർപോർട്ടിലേക്ക് ഫീഡർ ബസ്സ് ഏർപ്പടുത്തിയത് യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ചു. നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നവർ ഇപ്പോൾ കൂടുതലായി മെട്രോയാണ് ഇഷ്‍ടപ്പെടുന്നത്. ഉദാഹരണത്തിന് ഇടപ്പള്ളിയിൽ നിന്ന് എയർപോർട്ടിലേക്ക് ഊബർ ടാക്‌സി 700 രൂപ ഈടാക്കുന്ന സ്ഥാനത്ത് മെട്രോയിൽ ആലുവയിലിറങ്ങി ഫീഡർ ബസ്സിൽ 120 രൂപ കൊടുത്ത് നെടുമ്പാശ്ശേരിയിലെത്താം. സർവ്വീസിന്‍റെ എണ്ണം കൂട്ടിയതുപോലെ സർവ്വീസ് സമയം അർധരാത്രി വരെ നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജനപ്രീതിയുടെ ട്രെൻഡ് തുടർന്നാൽ അതും നടപ്പായേക്കും.










Comments