ഓണം - ഒരു മധുരോദാരവികാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 4
- 2 min read


ലോകത്തിൻ്റെ ഏതു കോണിലുമുള്ള ഓരോ മലയാളിയുടെയും ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വികാരമാണ് ഓണം. ഓണമെന്ന് കേൾക്കുന്ന മാത്രയിൽ നമ്മുടെയെല്ലാം ഉള്ളിലേയ്ക്ക് ഒട്ടേറെ ഗൃഹാതുരസ്മരണകൾ ഇരമ്പിയെത്തുന്നു. മുറ്റത്ത് പൂക്കളമൊരുക്കി പുത്തൻ കോടിയുടുത്ത് സ്നേഹംചേർത്ത് പാകപ്പെടുത്തി തുശനിലയിൽ അമ്മവിളമ്പിത്തരുന്ന സദ്യയുടെ വിഭവങ്ങൾ ആസ്വദിച്ച് മനസ്സ് നവോന്മേഷത്തിൻ്റെ പുത്തൻ പൂക്കൾ ചൂടുന്ന കാലം. കഴിഞ്ഞുപോയ കാലത്തിൻ്റെ നിരാശനിറഞ്ഞ കറുപ്പുകളെ ഓണനിലാവിൽ അലിയിച്ചു കളഞ്ഞ് പുതുവർഷത്തെ പ്രതീക്ഷയോടെ എതിരേൽക്കുന്ന മലയാളി.

കേരളത്തിൻ്റെ ഒരുകാലത്തിൻ്റെ ചരിത്രത്തെയാണ് ഓണമെന്ന ആഘോഷത്തിലൂടെ നാം ഓർമ്മിപ്പിക്കുന്നത് .മഹാബലിയുടെ ഐതിഹ്യകഥ ഓർമ്മിപ്പിക്കുന്നത് നന്മയുടെയും സമൃദ്ധിയുടെയും നറുമണം പരത്തുന്ന കേരളസംസ്കാരത്തെയാണ്. അത്തംമുതൽ തിരുവോണം വരെയുള്ള പത്തുദിവസം ഓരോവേലയ്ക്കായി മാറ്റിവച്ചിരുന്ന ഒരു കർഷക പാരമ്പര്യകേരളത്തെ പഴയകാലങ്ങളിൽ നമുക്ക് കാണാൻ സാധിച്ചിരുന്നു. വിളവെടുപ്പിൻ്റെ കാലംകൂടിയാണല്ലോ ഓണക്കാലം. മഹാബലിത്തമ്പുരാനെ എതിരേൽക്കാൻ പ്രകൃതിപോലും അണിഞ്ഞൊരുങ്ങിയിരുന്നു. പുഷ്പങ്ങളാൽ സമൃദ്ധമായിരുന്നു അ ക്കാലം. ഐശ്വര്യത്തിൻ്റെ പ്രതീകങ്ങളായ തുമ്പപ്പൂവും ചെത്തിപ്പൂവും ,മുക്കുറ്റിയും, കാക്കപ്പൂവും, കോളാമ്പിപ്പൂവും വീടിൻ്റെ തൊടിയിലും പറമ്പിലുമായി തലയെടുപ്പോടെ നിറഞ്ഞുനിന്നിരുന്നകാലം. അത്തംനാൾ മുതൽ പൂക്കളം ഇടാൻ തുടങ്ങുന്നു. ചോതിയിൽ ഓണത്തിനുള്ള നെല്ലുപുഴുക്കലാണ്. ഉള്ളവൻ്റെ വീട്ടിൽനിന്ന് ഇല്ലാത്തവൻ്റെ വീട്ടിലേയ്ക്ക് നെല്ലും അരിയും കൊടുത്തുവിടുന്നു. വിശാഖം മുതൽ കച്ചവടസ്ഥലങ്ങൾ ചരക്കുകൾ കൊണ്ട് നിറയുന്നു.മൂലം,പൂരാടം ദിവസങ്ങൾ സദ്യയ്ക്കുള്ള പച്ചക്കറി വാങ്ങലാണ്. പൂരാടം,ഉത്രാടം ദിവസങ്ങൾ ഓണക്കാഴ്ചകൾ നൽകലാണ്. പരസ്പരം പങ്കുവയ്ക്കുന്ന ഒരു കേരള ജനതയെയാണ് അന്ന് കാണാൻ സാധിച്ചിരുന്നത്. ഉത്രാടം വെപ്രാളത്തിൻ്റെ ദിനമാണ്. തിരുവോണദിവസം നാടാകെ കൊട്ടും, കുരവയും, ആർപ്പും കൊണ്ട് ശബ്ദമുഖരിതമായിരിയ്ക്കും.ചുരുക്കത്തിൽ അത്തം മുതലുള്ള പത്തുദിവസം രാപകൽ ഓണത്തിനായി അദ്ധ്യാനിക്കുന്ന കർഷക കേരളജനതയായിരുന്നു അന്ന്. ഓണത്തേയും ഓണാഘോഷത്തെയും വാഴ്ത്തിപ്പാടാത്ത കവികളില്ല.
കാലംമാറിയതനുസരിച്ച് ഓണാഘോഷരീതിയും മാറി.കേരളത്തിൽ സമൃദ്ധമായിരുന്ന നെല്ലും പച്ചക്കറിയും കുറഞ്ഞുവരുന്നു. പൂക്കളം ഇടുന്നതിൻ്റെ പാവനതയും ഉദ്ദേശ്യശുദ്ധിയും നഷ്ടപ്പെട്ട് വെറുംഒരു മത്സരയിനമായിമാറി .ടി.വി. ചാനലുകളിലും മൊബൈൽ ഫോണിലുംകണ്ണും നട്ടിരിക്കുന്ന മലയാളിയുടെ ഊണുമേശയിൽ ഹോട്ടലുകളിൽ നിന്നെത്തുന്ന 'ഇൻസ്റ്റൻ്റ് ഓണസദ്യ സ്ഥാനം പിടിച്ചിരിക്കുന്നു. ഓണവിഭവങ്ങളുടെ രുചിയും ഗുണവും ,ഓണക്കളികളും മലയാളി മറന്നു പോയിരിക്കുന്നു. കേരളത്തിൻ്റേതു മാത്രമായ നാടൻ കലാരൂപ ങ്ങളും അന്യംനിന്നുപോകുന്നു.
കേരളത്തിലും,കേരളത്തിനു വെളിയിലും ജനിച്ചു വളരുന്ന കുട്ടികൾക്ക് ഓണം എന്താണന്ന് അറിഞ്ഞുകൂടാ.സ്വന്തംനാടിൻ്റെ ഈപാരമ്പര്യത്തെ സംസ്കാരത്തെ കുട്ടികളിലേയ്ക്ക് മുതിർന്നവർ പകർന്നുകൊടുക്കണം. തലമുറകളിൽ നിന്ന്തലമുറയിലേയ്ക്ക് പകർന്നുവന്നിരുന്ന ഈഉത്സവം പുതിയതലമുറയ്ക്ക് ഒരു തമാശയായി മാറുന്നു. വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ മവേലിമന്നനെ സ്വീകരിക്കാൻ പഴയകാലജനതയ്ക്കൊപ്പം പ്രകൃതിപോലും അണിഞ്ഞൊരുങ്ങി സ്വീകരിച്ചിരുന്നു. എന്നാൽ ഇന്ന് വിദേശപര്യടനം കഴിഞ്ഞ് വിമാനത്തിൽ വന്നിറങ്ങുന്നമാവേലി മന്നനെയാണ് നാംകാണുന്നത്.പുതിയതലമുറ അവരുടേതായ പുതിയ ഭാവത്തിലും രൂപത്തിലും മഹാബലിയെയും, നമ്മുടെ സംസ്കാരത്തെയും മാറ്റിമറിക്കുന്നു.കാലക്രമേണ ഓണവും ഓണാഘോഷത്തിൻ്റെ പരിപാവനതയും നഷ്ടപ്പെട്ട് കേവലം ഒരു കൃത്രിമ ഓണമായി മാറില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കേരളത്തിൻ്റെ ആ മഹത്തായ പാരമ്പര്യവും,ജീവിതദർശനങ്ങളും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ് ,കർത്തവ്യമാണ്. അങ്ങനെ ഓരോ മലയാളിയുടെയും മനസ്സിൽ മധുരംനിറഞ്ഞ ഒരു ഓർമ്മയായി ഒരു വികാരമായി മാറട്ടെ നമ്മുടെ ഓണം.
(കേരളത്തിലെ പ്രശസ്തമായ ഒരു സ്കുളിലെ മലയാളം അധ്യാപികയായിരുന്നു ലേഖിക. സ്വദേശത്തും വിദേശത്തുമുള്ള കുട്ടികളെ മലയാളം പഠിപ്പിക്കുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നു.)










Comments