'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 18, 2024
- 1 min read

മുൻ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി മുന്നോട്ടു വെച്ച 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ശുപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‍ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതി മന്ത്രിസഭക്ക് നേരത്തെ സമർപ്പിച്ചിരുന്നു. ശുപാർശകൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിലപാടിന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകിയിരുന്നു. പല ഘട്ടങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് രാജ്യത്തെ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടക്കാട്ടി.
പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുക എന്നതാണ് ലക്ഷ്യം. അതിന് 100 ദിവസത്തിനകം പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പുകളും നടത്തണം. ഏകീകൃത വോട്ടർ പട്ടിക തയ്യാറാക്കാനും നിർദ്ദേശമുണ്ട്. അതായത് പാർലമെന്‍റ് മുതൽ പഞ്ചായത്ത് വരെയുള്ള തിരഞ്ഞെടുപ്പിന് ഒരേ വോട്ടർ പട്ടികയായിരിക്കും ഉണ്ടാകുക. അത് വോട്ടർ പട്ടികയിലെ ഡ്യൂപ്ലിക്കേഷനും പിശകുകളും ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഈ ശുപാർശകൾ സുതാര്യമായും സുഗമമായും നടപ്പാക്കാൻ ഒരു ഇംപ്ലിമെന്‍റേഷൻ ഗ്രൂപ്പ് രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
അതേസമയം, ഈ നീക്കത്തോട് കോൺഗ്രസ് ഉൾപ്പെടെയുള്ള 15 പ്രതിപക്ഷ കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചു. ഈ നിർദ്ദേശം ഗുണകരമോ പ്രായോഗികമോ അല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ കാർഗെ പറഞ്ഞു.
Comments