top of page

ഒരുമിച്ച് ജീവിച്ച് മരണത്തിലും ഒരുമിക്കുന്ന ട്രെൻഡ്

  • പി. വി ജോസഫ്
  • Jul 1, 2024
  • 1 min read


ree

അര നൂറ്റാണ്ടോളമെത്തിയ സന്തുഷ്‍ട ദാമ്പത്യത്തിനൊടുവിൽ ജാനും എൽസും ഒരുമിച്ച് മരണം വരിച്ചു. ജാനിന് 70 ഉം എൽസിന് 71 ഉം വയസ്സായിരുന്നു. ഇരുവരും പലവിധ രോഗങ്ങളുടെ പിടിയിലായിരുന്നു. വാർധക്യ സഹജമായ അസ്വസഥതകളും അലട്ടിയിരുന്നു. ഒരുമിച്ചുള്ള ദയാവധമാണ് അവർ ചോദിച്ചു വാങ്ങിയത്. നെതർലാൻഡ്‍സിലെ ഫ്രീസ്‍ലാന്‍റിലാണ് അവർ ജീവിച്ചത്. ദയവാധത്തിന് നിയമ സാധുതയുള്ള നെതർലാൻഡ്‍സിൽ ദമ്പതികൾ ദയാവധം തിരഞ്ഞെടുക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്.

ഇരട്ട-ദയാവധം (duo-euthanesia) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും നിയമപരമായി അനുവദിക്കുന്ന രാജ്യമാണ് നെതർലാൻഡ്‍സ്. ദയാവധത്തിനോ ആത്മഹത്യക്കോ ഒരാൾ അഭ്യർത്ഥന നടത്തിയാൽ ഒരു ഡോക്‌ടർ പരിശോധിച്ച് അയാൾക്ക് ആരോഗ്യകരമായ ജീവിതം ഇനി സാധ്യമല്ലെന്ന് തിട്ടപ്പെടുത്തണം. അത് രണ്ടാമതൊരു ഡോക്‌ടറും പരിശോധിച്ച് അതേ നിഗമനത്തിൽ എത്തിയാൽ മരണം വരിക്കാം.

 



ree

നെതർലാൻഡ്‍സിലെ മുൻ പ്രധാനമന്ത്രി ഡ്രൈയീസ് വേൻ അജറ്റും ഭാര്യ യൂജെനിയും ഒരുമിച്ചുള്ള ദയാവധത്തിലൂടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മരണം പുൽകിയത്. ഇരുവർക്കും 90 വയസ് പിന്നിട്ടിരുന്നു.

 

നെതർലാൻഡ്‍സിൽ 2023 ൽ മാത്രം 9,068 പേരാണ് ദയാവധത്തിലൂടെ മരണമാർഗ്ഗം തിരഞ്ഞെടുത്തത്. രാജ്യത്തെ ആകെ മരണത്തിന്‍റെ അഞ്ച് ശതമാനം ദയാവധമാണ്. അതിൽ 33 ഇരട്ട-ദയാവധവും ഉൾപ്പെടും. അതായത് 66 പേരുടെ മരണം. ദമ്പതികളുടെ ദയാവധത്തിന് ഇരുവരുടെയും സ്വതന്ത്രവും സമ്പൂർണവുമായ സമ്മതം ആവശ്യമാണ്. ഒരാൾ മറ്റേയാളെ സ്വാധീനിക്കാനോ മരണത്തിന് നിർബന്ധിക്കാനോ പാടില്ല. എന്നാൽ ഒരാൾക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ഡോക്‌ടർമാരുടെ തീരുമാനം അത്ര എളുപ്പമല്ല.

എന്തായാലും, രോഗവും അവശതയും ഒരാൾ മരിച്ചാൽ മറ്റേയാൾ ഒറ്റപ്പെടുമെന്ന ആശങ്കയും മൂലം ഒന്നിച്ചുള്ള ദയാവധമാണ് വിവേകമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page