ഒരു കത്രിക വരുത്തിവെച്ച അങ്കലാപ്പ്; ജപ്പാനിൽ 38 ഫ്ലൈറ്റുകൾ റദ്ദാക്കി
- പി. വി ജോസഫ്
- Aug 20, 2024
- 1 min read

ഫ്ലൈറ്റുകൾ റദ്ദാക്കാൻ കാരണങ്ങൾ പലതുണ്ടെങ്കിലും ഇതുപോലൊരു കാരണം ഇതാദ്യമാണ്. നാട മുറിക്കാൻ മാത്രമല്ല യാത്ര മുടക്കാനും സാധിക്കുമെന്ന് ഒരു കത്രിക തെളിയിച്ചു.

ജപ്പാനിലെ ന്യൂ ചിറ്റൂസ് എയർപോർട്ടിൽ കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. എയർപോർട്ടിനകത്തുള്ള സ്റ്റോറിൽ സ്റ്റാഫ് ഉപയോഗിക്കാറുള്ള ഒരു കത്രിക കാണാതായതാണ് കുഴപ്പങ്ങൾക്ക് കാരണം. ഉപയോഗം കഴിയുമ്പോൾ ലോക്കറിൽ ഭദ്രമായി സൂക്ഷിക്കാറുള്ള കത്രികയാണ് നഷ്‍ടമായത്. സ്റ്റോറിൽ അരിച്ചുപെറുക്കി തിരച്ചിൽ നടത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ചെക്ക് ഇൻ ചെയ്ത് അകത്തു കടന്ന യാത്രക്കാരെ വീണ്ടും പരിശോധനക്ക് വിധേയമാക്കി. പിന്നീട് വന്നുകൊണ്ടിരുന്ന യാത്രക്കാരുടെ ചെക്ക് ഇൻ പ്രോസസും സെക്യൂരിറ്റി പരിശോധനയും നിർത്തിവെച്ചു. ഭീകര പ്രവർത്തന ഉദ്ദേശ്യവുമായി ആരെങ്കിലും കത്രിക കൈക്കലാക്കി അകത്തു കടന്നിരിക്കാമെന്ന സംശയം ബലപ്പെട്ടു. അതിനുള്ള സാധ്യത സുരക്ഷാ സംവിധാനങ്ങളെ പരിഭ്രാന്തിയിലാക്കി. ചെക്ക് ഇൻ പ്രോസസ് തടസ്സപ്പെട്ടതോടെ എയർപോർട്ടിൽ യാത്രക്കാർ തിങ്ങിനിറഞ്ഞു. ഒബോൺ ഉത്സവ സീസൺ ആയതിനാൽ യാത്രക്കാരുടെ തിരക്ക് പതിവിലും കൂടുതൽ ഉണ്ടായിരുന്നു. കത്രിക കാണാതായെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പുറപ്പെടേണ്ടിയിരുന്ന 38 വിമാനങ്ങളാണ് സർവ്വീസ് റദ്ദാക്കിയത്. 200 ലധികം ഫ്ലൈറ്റുകൾ മണിക്കൂറുകളോളം വൈകി.
യാത്ര മുടങ്ങുകയും വൈകുകയും ചെയ്തതിന്‍റെ നിരാശയിലമർന്ന യത്രക്കാരെ അമ്പരപ്പിച്ചുകൊണ്ട് ഒടുവിൽ സന്തോഷവാർത്ത അനൗൺസ് ചെയ്തു. കത്രിക സ്റ്റോറിൽ നിന്നുതന്നെ കണ്ടെത്തി.
Comments