top of page

ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽകോടി അർച്ചനയും ലക്ഷദീപാർച്ചനയും 2025 ഒക്ടോബർ 6 മുതൽ നവംബർ 2 വരെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 2
  • 2 min read

ree

കോടി അർച്ചന - ഡൽഹി നഗരത്തിൽ ആദ്യമായി !

മനുഷ്യായുസിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യം !


ന്യൂ ഡൽഹി: മയൂർ വിഹാർ ഫേസ്-1 ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ കോടി അർച്ചനയും ലക്ഷദീപാർച്ചനയും 2025 ഒക്ടോബർ 6 മുതൽ നവംബർ 1 വരെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അരങ്ങേറും. സമാപന ദിവസമായ നവംബർ 2 ഞായറാഴ്ച്ച ലക്ഷദീപാർച്ചനയും നടത്തപ്പെടും. കേരളത്തിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട 50-ൽപ്പരം സാധകർ പരികർമ്മികളാകും.


ഭഗവാൻ വിഷ്ണുവിന് യജ്ഞ ദിവസങ്ങളിൽ വിഷ്ണു സഹസ്രനാമം പ്രതിദിനം നാലുലക്ഷം വീതം ജപിച്ച് 27 ദിവസങ്ങളിലായി ഒരു കോടി അർച്ചന നടത്തുന്നു എന്നതാണ് അപൂർവമായ കോടി അർച്ചനാ യജ്ഞത്തിന്റെ സവിശേഷത.


മഹാഭാരത യുദ്ധത്തിന്റെ സമാപ്തിയിൽ, ശ്രീകൃഷ്ണ ഭഗവാനിൽ നിന്നും ധർമ്മോപദേശം ശ്രവിച്ച യുധിഷ്ഠിരന് പൂർണ്ണമായ സംശയ നിവർത്തി വരാഞ്ഞതിനാൽ ശരശയ്യയിൽ ശയിക്കുന്ന ഭീഷ്മ പിതാമഹന്റെ സമീപത്തേക്ക് ആനയിക്കുന്നു. അനേകായിരങ്ങളുടെ മൃത്യുവിന് കാരണമായ യുദ്ധത്തിൽ പങ്കെടുത്തതുമൂലം ഉണ്ടായ പാപത്തിൽ നിന്നുള്ള മോക്ഷ മാർഗ്ഗം ആരാഞ്ഞ യുധിഷ്ഠിരന്, ഭീഷ്മ പിതാമഹൻ വിഷ്ണു സഹസ്രനാമം ഭക്തിയോടെ ജപിക്കുവാൻ ഉപദേശിച്ചു. തുടർന്ന് തന്റെ മുന്നിൽ പുഞ്ചിരിയോടുകൂടി നിൽക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ സഹസ്രനാമങ്ങളാൽ ഭീഷ്മർ പ്രകീർത്തിക്കുന്നതോടെയാണ് വിഷ്ണുസഹസ്രനാമം ഭക്തർക്ക് പ്രാപ്‌തമായത്.


ഭക്തിമാനായ ഒരുവൻ അർത്ഥബോധത്തോടെയും ഭക്തിയോടെയും വിശ്വരൂപിയായ ഭഗവാൻ മഹാവിഷ്ണുവിനെ സഹസ്രനാമ മന്ത്രങ്ങൾ കൊണ്ട് ഉപവസിക്കുന്നത്തിലൂടെ അവന് ഇഹലോകത്തിൽ സൗഖ്യവും പരലോകത്തിൽ മോക്ഷവും സിദ്ധിക്കുമെന്നും ഭീഷ്മർ ധർമ്മപുത്രരോട് ഉപദേശിക്കുന്നു. ഹൈന്ദവ ആചാരങ്ങളിൽ വളരെ പ്രാധാന്യം കല്പിച്ചിരിക്കുന്ന വിഷ്ണുസഹസ്രനാമ ജപത്തിലൂടെ വിഷ്ണുപ്രീതി, സർവ്വൈശ്വര്യം, ആരോഗ്യം, സമാധാനം എന്നിവ പ്രാപ്തമാകുമെന്ന് ആചാര്യന്മാരും ഉദ്ഘോഷിക്കുന്നു.


നാടിന്റെയും നഗരത്തിന്റെയും നാട്ടാരുടെയും രാഷ്ട്രത്തിന്റെയും ശോഭനമായ ഭാവിക്കു വേണ്ടി പുരുഷായുസിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന സർവ്വാഭീഷ്ട ഫലപ്രദായകമായ കോടി അർച്ചന എന്ന മഹായജ്ഞത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ ഭക്തജനങ്ങളും ശ്രദ്ധിക്കണമെന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് ആഹ്വാനം ചെയ്തു.


തന്ത്ര വിധിപ്രകാരം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപങ്ങളിലാണ് മഹായജ്ഞം അരങ്ങേറുക. ദിവസവും രാവിലെ 6:30 മുതൽ 11:30 വരെയും വൈകുന്നേരം 4:30 മുതൽ 6:30 വരെയുമാണ് കോടി അർച്ചനയുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ നടക്കുക. ഐശ്വര്യദായകമായ വെള്ളി കലശത്തിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കളഭം നിറച്ച് യജ്ഞ വിധി പ്രകാരം സ്ഥാപിച്ച ശേഷം, സാധകർ ജപാർച്ചന നടത്തുന്നു. സഹസ്രനാമം ജപിച്ച് പുഷ്പാർച്ചന ചെയ്ത കലശം, അടുത്തദിവസം രാവിലെ പന്തീരടി പൂജക്ക് വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു് ശ്രീഗുരുവായൂരപ്പന് അഭിഷേകം ചെയ്യുന്നു. അപ്രകാരം 27 ദിവസവും കളഭാഭിഷേകം ഉണ്ടാവും. സമാപന ദിവസമായ നവംബർ 1 ശനിയാഴ്ച, പൂജിച്ച കലശം, അടുത്ത ദിവസം, അതായത് നവംബർ 2 ഞായറാഴ്ച ആടുന്നതാണ്. വൈകുന്നേരം ലക്ഷദീപാർച്ചനയോടുകൂടി യജ്ഞം സമാപിക്കും.


യജ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും, പ്രസാദ ഊട്ടും (അന്നദാനം) ഉണ്ടാവും. റോഡ്, മെട്രോ റെയിൽ മാർഗ്ഗങ്ങളിലൂടെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എത്തിച്ചേരാവുന്നതാണ്. പിങ്ക് ലൈനിൽ മയൂർ വിഹാർ പോക്കറ്റ് -1, യെല്ലോ ലൈനിൽ മയൂർ വിഹാർ ഫേസ് -1 മെട്രോ സ്റ്റേഷനുമാണ് ഏറ്റവും അടുത്ത മെട്രോ സ്റ്റേഷനുകൾ.


തന്ത്രിയുടെ കാർമ്മികത്വത്തിൽ കോടി അർച്ചന നടക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമന പൂജ, വിശേഷാൽ കലശാഭിഷേകം, വിവിധ സൂക്ത പുഷ്പാഞ്ജലികൾ തുടങ്ങിയ വഴിപാടുകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 8368130663, 011-22710305, 011-22711029 എന്നീ നമ്പറുകളിലോ www.uttaraguruvayurappan.org എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page