top of page

ഇതാണ് പോത്ത്; വെറും പോത്തല്ല, അമൂല്യമായ പോത്ത്!

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 15, 2024
  • 1 min read
ree

അൻമോൾ എന്ന പോത്തിനെ കണ്ടാൽ ആരുമൊന്ന് നോക്കും. നോക്കിനിൽക്കും. അതിന്‍റെ വില കേട്ടാൽ ഞെട്ടും. ഒന്നോ രണ്ടോ ലക്ഷമോ കോടിയോ അല്ല. 23 കോടി രൂപയാണ് വില. അതിൽ കൂടുതൽ എത്ര കോടി പറഞ്ഞാലും ഉടമയായ ഗിൽ അവനെ വിൽക്കാൻ തയ്യാറല്ല. ഹരിയാനയിലെ ഒരു കർഷകനാണ് ഗിൽ. അൻമോൾ എന്ന ഓമനപ്പേരിട്ടിരിക്കുന്ന പോത്തിന് 1500 കിലോയാണ് തൂക്കം. അൻമോൾ എന്ന ഹിന്ദി വാക്കിന്‍റെ അർത്ഥം അമൂല്യമെന്നാണ്. പേര് അന്വർത്ഥമാക്കിയിരിക്കുകയാണ് അൻമോൾ. അജ്‍മേറിൽ നടക്കുന്ന പുഷ്ക്കർ മേളയും മീററ്റിൽ നടക്കുന്ന അഖിലേന്ത്യാ കർഷക മേളയും പോലുള്ള മേളകളിൽ ശ്രദ്ധാകേന്ദ്രമാണ് ഈ പോത്ത്. മേളകൾക്കപ്പുറം സോഷ്യൽ മീഡിയയിലും അൻമോൾ ഇപ്പോൾ വൈറലാണ്.


ഗിൽ എന്ന ഉടമ പറയുന്നത് തന്‍റെ പോത്തിനെ പോറ്റാൻ ദിവസം 1500 രൂപ ചെലവ് വരുന്നുണ്ടെന്നാണ്. പ്രത്യേകം മെനു തയ്യാറാക്കിയാണ് ഓരോ ദിവസത്തെയും ഡയറ്റ്. ആഹാരം എന്തായിരുന്നാലും 50 ഗ്രാം ബദാം, 30 വാഴപ്പഴം, 25 ലിറ്റർ പാൽ, 20 മുട്ട എന്നിവ നിർബന്ധമായും നൽകാറുണ്ട്. അൻമോൾ സദാ സമയവും ഫിറ്റാണ്. എക്‌സിബിഷനുകൾക്ക് എപ്പോഴും സജ്ജം.


കണ്ടവരും കേട്ടറിഞ്ഞവരും അൻമോളിനെ മറക്കാറില്ല. എരുമകളെ വളർത്തുന്ന കർഷകർക്കും ഫാമുകൾ നടത്തുന്നവർക്കും തങ്ങളുടെ എരുമകൾക്ക് അൻമോളിൽ നിന്ന് കുഞ്ഞുണ്ടാകണമെന്ന ആഗ്രഹം സ്വാഭാവികം. ബീജ സങ്കലനത്തിനായി അൻമോളിന്‍റെ ബീജത്തിന് വലിയ ഡിമാന്‍റാണ്. ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലുമായി അൻമോളിന് നൂറുകണക്കിന് കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞു. അൻമോളിന്‍റെ ബീജ വിൽപ്പനയിലൂടെ പ്രതിമാസം 5 ലക്ഷത്തോളം രൂപ വരുമാനമാണ് ഗില്ലിനുള്ളത്. അതുകൊണ്ടുതന്നെ ഗില്ലിന് അൻമോൾ അമൂല്യമാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page