അമ്പത് വർഷം വൈകിയ ബിരുദദാന ചടങ്ങ്
- പി. വി ജോസഫ്
- Jun 10, 2024
- 1 min read

സോഷ്യൽ മീഡിയയിലൂടെ പുതിയ ഗ്രൂപ്പുണ്ടാക്കി പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കുന്നത് ഇക്കാലത്തെ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഒക്‌ലഹോമയിൽ പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചതിന് മറ്റൊരിടത്തുമില്ലാത്ത അപൂർവ്വതയാണുള്ളത്.
ഒക്‌ലഹോമയിലെ മൂർ ഹൈസ്‍കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചെത്തിയത് 50 വർഷം വൈകിയ ബിരുദദാന ചടങ്ങിൽ സംബന്ധിക്കാനാണ്. 1974 ൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയ 500 വിദ്യാർത്ഥികൾ അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാനായി കോളേജിലെത്തി. സമീപത്തുള്ള ഫുട്‍ബോൾ ഗ്രൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പെട്ടെന്ന് ആകാശം ഇരുണ്ടു, കാർമേഘം ഉരുണ്ടുകൂടി. ആകാശത്തെ കോളിളക്കം കണ്ട് അമ്പരന്നു നിന്നവർക്ക് ഇടിത്തീപോലെ ഒരു മുന്നറിയിപ്പു വന്നു. ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പായിരുന്നു അത്. എല്ലാവരും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറി. പലരും വീടുകളിലേക്ക് തിരിച്ചുപോയി. ബിരുദദാന ചടങ്ങ് നടന്നില്ല. അതേക്കുറിച്ച് ആരും സംസാരിച്ചുപോലുമില്ല. നടക്കാതെപോയ ചടങ്ങ് ഇനിയെന്നു നടക്കുമെന്നും ആരും പറഞ്ഞില്ല. എല്ലാവർക്കും ബിരുദം കിട്ടി, സർട്ടിഫിക്കറ്റും കിട്ടി. പലരും ജീവിതത്തിന്‍റെ പടവുകൾ കയറി പല രംഗങ്ങളിലും ശോഭിച്ചു. എന്നാൽ അഭിമാനത്തോടെ ക്യാപ്പും ഗൗണും ധരിച്ച് പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് വലിയൊരു മോഹഭംഗമായി അവരുടെ മനസ്സിൽ വിങ്ങിനിന്നു.
പിന്നീട് അവിടെ പഠിച്ചിറങ്ങി അവിടെത്തന്നെ പ്രിൻസിപ്പാളായ റേച്ചൽ സ്റ്റാർക്കാണ് ഒരുപാട് വൈകിപ്പോയ ചടങ്ങ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചടങ്ങ് നടന്നത്. തെളിഞ്ഞ ആകാശമായിരുന്നതിനാൽ ആർക്കും ആശങ്കയില്ലായിരുന്നു. മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനുള്ള അപൂർവ്വ സൗഭാഗ്യം പലർക്കും ലഭിച്ചു. എത്തിച്ചേരാൻ പറ്റാത്തവർക്കും ഇതിനോടകം വേർപെട്ടുപോയവർക്കും വേണ്ടി കുടുംബാംഗങ്ങൾ പങ്കെടുത്തു.










Comments