top of page

അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം; നിരാശയോടെ പിസി ജോർജ്, ആശയും ആശങ്കയുമായി മുന്നണികളും നേതാക്കളും

  • Writer: VIJOY SHAL
    VIJOY SHAL
  • Mar 3, 2024
  • 1 min read

ree

പത്തനംതിട്ടയിലെ സ്ഥാനാർഥികൾ


പത്തനംതിട്ട: തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതിനിടെ പത്തനംതിട്ട ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ ശബരിമല ആയിരുന്നു മണ്ഡലത്തെ ദേശീയ തലത്തിൽ പ്രാധാന്യം നേടിക്കൊടുക്കാൻ ഇടയാക്കിയതെങ്കിൽ ഇക്കുറി അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വമാണ് ചർച്ചയാകുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്‍റണിയെ ദേശീയ നേതൃത്വം ആദ്യഘട്ട പട്ടികയിൽ ഇടം നൽകി പത്തനംതിട്ടയിലേക്ക് അയച്ചപ്പോൾ പിന്നാലെ എത്തിയ പിസി ജോർജിന് പരിഗണിക്കാതിരുന്നതാണ് വിവാദത്തിലേക്ക് നീങ്ങുന്നത്.


പാർട്ടി പ്രവർത്തകരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണയോടെ പത്തനംതിട്ടയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പി സി ജോർജ് ഒരു വട്ടം പര്യടനം നടത്തിയിരുന്നു. അദ്ദേഹം തന്നെ ആകും സ്ഥാനാർഥി എന്ന നിലയിൽ ജില്ലയിലെ ബിജെപി പ്രവർത്തകർ വിവിധ യോഗങ്ങളിലേക്ക് അദ്ദേഹത്തെ എത്തിക്കുകയും ചെയ്തു.


മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് എതിരെ കടുത്ത വിമർശനങ്ങൾ നടത്തി ആയിരുന്നു പിസി ജോർജിന്‍റെ രംഗ പ്രവേശം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമ സഭ മണ്ഡലങ്ങളിലെ സ്വാധീനമാണ് അദ്ദേഹത്തെ ഇവിടേക്ക് പരിഗണിക്കാൻ കാരണമായത്. പൂഞ്ഞാർ മണ്ഡലത്തെ ദീർഘകാലം നിയമസഭയിൽ പ്രതിനിധീകരിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. ഈ പരിചയവും നേരത്തെ തന്നെ സമീപ മണ്ഡലമായ പത്തനംതിട്ടയുമായുള്ള അടുപ്പവും തുണയാകുമെന്നും അദ്ദേഹവും കരുതി.


നിലവിലെ എംപി യുഡിഎഫിലെ ആന്‍റോ ആന്‍റണിയും ഇതേ മേഖലയിൽ നിന്നുമാണ്. അതിനാൽ ഇവിടെ വോട്ടിൽ കാര്യമായ വിള്ളൽ ഉണ്ടാകുമെന്നും ഇതിലൂടെ നേട്ടം കൊയ്യാം എന്നുമായിരുന്നു ഇടത് മുന്നണിയുടെ കണക്കു കൂട്ടൽ. എന്നാൽ അനിൽ സ്ഥാനാർഥി ആയി വരുന്നതോടെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളിക്കാർ തന്‍റെ കൂടെനിൽക്കും എന്നാണ് ആന്‍റോയുടെ വിശ്വാസം.യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിട്ടുണ്ട്.


ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ അപ്രതിക്ഷിത സ്ഥാനാർഥിയാണ് കളം പിടിച്ചിരിക്കുന്നത്. ബിഡിജെഎസ് ഉയർത്തിയ ശക്തമായ പ്രതിഷേധമാണ് ദേശീയ നേതൃത്വത്തെ ഇത്തരം ഒരു അട്ടിമറി നീക്കത്തിന് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജോർജിന് പകരം പിഎസ് ശ്രീധരൻ പിള്ള, സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെ പരിഗണയിൽ ഉണ്ടായിരുന്നു. പിസി ജോർജിനെ നിർത്തിയിൽ കിട്ടുമായിരുന്ന ക്രൈസ്തവ വോട്ടുകൾ അനിലിലൂടെ ഉറപ്പിക്കാമെന്നും നേതൃത്വം കരുതുന്നു. അതേസമയം അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ നിരാശ പങ്ക് വയ്ക്കുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page