അന്നയുടെ മരണം സംബന്ധിച്ച പരാതി കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 19, 2024
- 1 min read

മലയാളിയായ യുവ ചാർട്ടേർഡ് അക്കൗണ്ടന്‍റിന്‍റെ മരണം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും. ഏണസ്റ്റ് ആന്‍റ് യങ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ എന്ന 26 കാരിയാണ് അമിത ജോലിഭാരത്തിന്‍റെ സമ്മർദ്ദത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് അന്ന കമ്പനിയുടെ പൂനെയിലെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ജൂലൈയിൽ മരിച്ചു. ജോലിക്കൂടുതലും, സുഖകരമല്ലാത്ത തൊഴിൽ സാഹചര്യവുമാണ് മകളുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്ക് അന്നയുടെ അമ്മ അനിത അയച്ച കത്ത് സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചർച്ചാവിഷയമായത്. ജോലിക്കൂടുതൽ മൂലം മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയില്ലെന്നും, ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. മകളുടെ സംസ്ക്കാര ചടങ്ങിൽ കമ്പനിയുടെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്നതും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
പരാതി ഔദ്യോഗികമായി ഏറ്റെടുത്തെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. BJP നേതാവ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിന് പ്രതികരണമായാണ് അവർ ഇക്കാര്യം അറിയിച്ചത്. അന്നയുടെ മരണം വളരെ ദുഃഖകരമാണെന്നും പല കാരണങ്ങൾ കൊണ്ടും അത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നുമാണ് പോസ്റ്റിൽ ചന്ദ്രശേഖർ പറഞ്ഞത്.










Comments