15 വയസ്സിൽ മരിച്ച കമ്പ്യൂട്ടർ പ്രതിഭ വിശുദ്ധ പദവിയിലേക്ക്
- പി. വി ജോസഫ്
- May 24, 2024
- 1 min read

സ്വയം വികസിപ്പിച്ച വെബ്ബ്സൈറ്റുകളിലൂടെ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ പ്രചരിപ്പിച്ച കമ്പ്യൂട്ടർ പ്രതിഭ ആയിരുന്നു കാർലോ അക്യൂട്ടീസ്. "ദൈവത്തിന്‍റെ സന്ദേശവാഹകൻ" എന്നാണ് സഭ ഈ ബാലനെ വിശേഷിപ്പിച്ചത്. കമ്പ്യൂട്ടർ വൈദഗ്‌ധ്യം പ്രസിദ്ധമായതോടെ ഇന്‍റർനെറ്റിന്‍റെ മധ്യസ്ഥനായ വിശുദ്ധനെന്നും കത്തോലിക്കാ വിശ്വാസികൾക്കിടയിൽ കാർലോ അറിയപ്പെട്ടു. ഇറ്റാലിയൻ പൗരത്വമുള്ള മാതാപിതാക്കൾക്ക് ലണ്ടനിൽ വെച്ച് ജനിച്ച മകനാണ് കാർലോ. 2006 ൽ പതിനഞ്ചാം വയസ്സിൽ ലുക്കീമിയ ബാധിച്ച് ഇറ്റലിയിലെ മോൺസോയിലായിരുന്നു അന്ത്യം. കാർലോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് ഫ്രാൻസീസ് മാർപ്പാപ്പ അനുമതി നൽകി. നാമകരണ പ്രക്രിയ പൂർത്തിയായാൽ കാർലോ പ്രഥമ "മില്ലെനിയൽ സെയിന്‍റ്" ആയി അറിയപ്പെടും. 2020 ൽ ഫ്രാൻസീസ് മാർപ്പാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
കാർലോയുടെ മധ്യസ്ഥതയിൽ രണ്ട് അത്ഭുതങ്ങൾ കത്തോലിക്കാ സഭ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിലെ ഒരു കുട്ടിക്ക് ജന്മനാ പാൻക്രിയാസിൽ ഉണ്ടായിരുന്ന രോഗം സുഖപ്പെടുത്തിയതാണ് ആദ്യത്തെ അത്ഭുതം. ഫ്ലോറൻസിലെ ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുടെ മസ്തിഷ്ക്ക ക്ഷതത്തെ തുടർന്നുള്ള രക്തസ്രാവം സുഖപ്പെട്ടതാണ് രണ്ടാമത്തെ അത്ഭുതമായി സഭ അംഗീകരിച്ചത്.
കാർലോയുടെ മാധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ചതായി ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും പലരും അറിയിച്ചിട്ടുണ്ടെന്ന് കാർലോയുടെ അമ്മ അന്തോണിയ അക്യൂട്ടീസ് ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കാർലോ ഉപയോഗിച്ച ഒരു ടി-ഷർട്ടിൽ തൊട്ടു പ്രാർത്ഥിച്ച 7 വയസ്സുകാരനാണ് ആദ്യത്തെ അത്ഭുതപ്രവർത്തിയിൽ സുഖം പ്രാപിച്ചത്.
മരിച്ച് ഒരു വർഷം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ മൃതദേഹം അസീസിയിലേക്ക് മാറ്റി. വിശ്വാസികൾക്ക് കാണാനും പ്രാർത്ഥിക്കാനും പരസ്യ വണക്കത്തിനായി വെച്ചിരിക്കുകയാണ്. കാർലോ ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.










Comments